മൂവാറ്റുപുഴ: ബസിനു മുന്നിൽ ചാടി ആത്മഹത്യ ശ്രമം നടത്തിയ അതിഥി തൊഴിലാളിയുടെ നില ഗുരുതരം. കഴിഞ്ഞദിവസം വൈകിട്ട് മടക്കത്താനം അച്ഛൻകവലയിൽ ആണ് സംഭവം. ഗുരുതരമായി പരുക്കേറ്റ തമിഴ്‌നാട് അളകപ്പാപുരം വിനയ് നഗർ സ്ട്രീറ്റിൽ പ്രഭാകരൻ സേതുവിനെ (32) കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റോഡരികിൽ ഏറെ നേരം ബസ് കാത്തുനിന്ന സേതു പൊടുന്നനെ ബസിനു മുന്നിലേക്കു ചാടി റോഡിൽ കമിഴ്ന്നു കിടക്കുകയായിരുന്നു. ബസ് ഇയാളുടെ ദേഹത്തുകൂടെ കയറിയിറങ്ങിപ്പോയി.

നാട്ടുകാർ ഉടനെ ഇയാളെ മൂവാറ്റുപുഴയിലെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പരുക്കുകൾ ഗുരുതരമായതിനാൽ കോട്ടയം മെഡിക്കൽ കോളജിലേക്കു മാറ്റുകയായിരുന്നു. ഇയാളെ ആത്മഹത്യാശ്രമത്തിനു പ്രേരിപ്പിച്ച കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു.