- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
വഴിത്തർക്കത്തിനിടെ അയൽവാസിയായ യുവാവിനെ കൊലപ്പെടുത്തി; പ്രതിക്ക് ജീവപര്യന്തം കഠിനതടവും പിഴയും
ആലപ്പുഴ : വഴിത്തർക്കത്തിന്റെ പേരിൽ അയൽവാസിയായ യുവാവിനെ കുത്തി കൊലപ്പെടുത്തിയ കേസിൽ പ്രതിക്ക് ഐ പി സി 302 വകുപ്പ് പ്രകാരം ജീവപര്യന്തം കഠിനതടവും രണ്ട് ലക്ഷം രൂപ പിഴയും ഐ പി സി 324 പ്രകാരം രണ്ട് വർഷം കഠിനതടവിനും വിധിച്ചു. രണ്ട് ലക്ഷം രൂപ അടച്ചില്ലെങ്കിൽ രണ്ട് വർഷം കൂടി കഠിനതടവ് അനുഭവിക്കണം. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
മരണപ്പെട്ട അൻഷാദിന്റെ കുടുംബത്തിന് സഹായധനം നൽകുന്നതിന് ലീഗൽസർവ്വീസ് അഥോറിറ്റിയെ കോടതി ചുമതലപ്പെടുത്തുകയും ചെയ്തു. അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ വൃക്ഷവിലാസം തോപ്പിൽ അൻഷാദിനെ ( 27 ) കൊലപ്പെടുത്തിയ കേസിൽ ആണ് പ്രതിയായ അമ്പലപ്പുഴ വടക്ക് പഞ്ചായത്ത് പതിനെട്ടാം വാർഡിൽ തോപ്പിൽ സുധീർ (46 )നെ കുറ്റക്കാരനെന്ന് കണ്ട് ജില്ലാ അഡീഷണൽ സെഷൻസ് കോടതി - 3 ജഡ്ജ് പി എൻ സീത ശിക്ഷ വിധിച്ചത്.
2012 ഓഗസ്റ്റ് 24-നായിരുന്നു സംഭവം. സുധീറിന്റെ വീട്ടിലേക്കുള്ള വഴി ആരോ തടസപ്പെടുത്തി ബൈക്ക് വെച്ചു. ഇതിനെ തുടർന്ന് സുധീർ, അൻഷാദും ബന്ധുവായ സുനീറുമായി വാക്ക് തർക്കം ഉണ്ടായി. ഇത് പറഞ്ഞു തീർക്കാനായി അൻഷാദും സുനീറും സുധീറിന്റെ വീട്ടിലെത്തിയപ്പോൾ വാക്ക് തർക്കത്തെ തുടർന്ന് കത്തി ഉപയോഗിച്ച് സുധീർ ഇരുവരെയും കുത്തുകയായിരുന്നു.
ഗുരുതമായി പരിക്കേറ്റ അൻഷാദിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും അന്ന് തന്നെ മരിക്കുകയും അൻഷാദിനൊപ്പം കുത്തേറ്റ സുനീറിനെ അശുപത്രിയിൽ അഡ്‌മിറ്റാക്കുയും ചെയ്തിരുന്നു. പുന്നപ്ര പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ 21 സാക്ഷികളെ വിസ്തരിച്ചു. 23 രേഖകളും എട്ട് തൊണ്ടി സാധനങ്ങളും തെളിവാക്കി. പ്രോസിക്യൂഷന് വേണ്ടി അഡീഷണൽ പബ്ലിക്ക് പ്രോസിക്യൂട്ടർ പി പി ഗീത ഹാജരായി.
മറുനാടന് മലയാളി ബ്യൂറോ