ന്യൂഡൽഹി: ഒരു വർഷത്തോളം നീണ്ട കർഷകരുടെ പ്രതിഷേധ സമരത്തെ തുടർന്ന് പിൻവലിച്ച കാർഷിക നിയമങ്ങൾ വീണ്ടും കൊണ്ടുവരില്ലെന്ന് പറയാനാകില്ലെന്ന് കേന്ദ്ര കൃഷിമന്ത്രി നരേന്ദ്ര സിങ് തോമർ. ഉചിതമായസമയത്ത് തീരുമാനമെടുക്കും. നിയമങ്ങൾ പിൻവലിച്ചതിൽ സർക്കാരിന് നിരാശയില്ല. തൽക്കാലം ഒരടി പിന്നോട്ട് വച്ചു. വീണ്ടും മുൻപോട്ട് വരുമെന്നും നരേന്ദ്ര സിങ് തോമർ കൂട്ടിച്ചേർത്തു.

മഹാരാഷ്ട്രയിലെ ഒരു ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്. നിയമങ്ങൾ റദ്ദാക്കിയതിനു പിന്നിൽ ചില ആളുകളുടെ പ്രവർത്തനമുണ്ടെന്നും തോമർ പറഞ്ഞു. സ്വാതന്ത്ര്യത്തിന് 70 വർഷത്തിനു ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ കാർഷിക നിയമങ്ങൾ വലിയ വിപ്ലവമായിരുന്നുവെന്നു തോമർ പറഞ്ഞു. ചിലർക്കു നിയമങ്ങൾ ഇഷ്ടമായില്ല. എന്നാൽ സർക്കാരിന് നിരാശയില്ല. ഒരു ചുവട് പിന്നോട്ടു വച്ചെന്നു മാത്രം. കർഷകർ രാജ്യത്തിന്റെ നട്ടെല്ലായതിനാൽ വീണ്ടും മുന്നോട്ടു ചുവടുവയ്ക്കുമെന്നും കൃഷിമന്ത്രി പറഞ്ഞു.

കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിനു രണ്ടു ദിവസം മുമ്പ് സർക്കാർ പുറത്തിറക്കി, എംപിമാർക്കു നൽകിയ കുറിപ്പിലും നിയമങ്ങളെ അനുകൂലിക്കുന്ന നിലപാടാണ് തോമർ സ്വീകരിച്ചിരുന്നത്. കർഷകരുടെ നില മെച്ചപ്പെടുത്താൻ വേണ്ടിയാണ് സർക്കാർ നടപടിയെന്നും നിയമങ്ങളുടെ ഗുണഫലങ്ങളെക്കുറിച്ചു കർഷകരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചുവെന്നും തോമർ വ്യക്തമാക്കിയിരുന്നു.

അതേ സമയം സർക്കാരിന്റെ കർഷക വിരുദ്ധത വ്യക്തമാക്കുന്നതാണ് കൃഷിമന്ത്രിയുടെ പ്രസ്താവനയെന്ന് കോൺഗ്രസ് ആരോപിച്ചു. കാർഷികനിയമങ്ങൾ നല്ലതെങ്കിൽ മാപ്പുപറഞ്ഞ് പിൻവലിച്ചതെന്തിനെന്ന് എഐസിസി ജനറൽ സെക്രട്ടറി രൺദീപ് സിങ് സുർജേവാല ചോദിച്ചു. തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ കർഷകർ വീണ്ടും ആക്രമിക്കപ്പെട്ടേക്കാമെന്നും അദ്ദേഹം പറഞ്ഞു.

ഗുരുനാനാക് ജയന്തി ദിനത്തിലാണ് മൂന്നു കാർഷിക നിയമങ്ങളും റദ്ദാക്കുമെന്നു പ്രധാനമന്ത്രി നരേന്ദ്ര മോദി അറിയിച്ചത്. വിവിധ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് സർക്കാരിന്റെ നടപടിയെന്ന് പ്രതിപക്ഷം വിമർശിക്കുകയും ചെയ്തിരുന്നു.

കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കുമെന്ന് സൂചന നൽകി കേന്ദ്ര കൃഷിമന്ത്രി നടത്തിയ പ്രസ്താവന വീണ്ടും ചർച്ചയാകുകയാണ്. കാർഷിക നിയമങ്ങൾക്കെതിരെയുള്ള പ്രക്ഷോഭങ്ങളിൽ ബിജെപി പൂർണമായി കീഴടങ്ങിയിട്ടില്ലെന്ന സൂചനയാണ് കേന്ദ്രമന്ത്രിയുടെ പ്രസ്താവന. ഉത്തർപ്രദേശ് തിരഞ്ഞെടുപ്പിന് മാസങ്ങൾക്ക് മുമ്പായിരുന്നു കാർഷിക നിയമങ്ങൾ പിൻവലിച്ചതായി പ്രധാനമന്ത്രി അറിയിച്ചത്. ബിജെപിയെ സംബന്ധിച്ച് അതി നിർണായകമാണ് ഉത്തർപ്രദേശ് തിരഞ്ഞെടുപ്പ്.

കാർഷിക നിയമങ്ങൾക്കെതിരെയുള്ള സമരവും ലഖിംപുർ ഖേരി സംഭവവും പടിഞ്ഞാറൻ യുപിയിൽ ബിജെപിക്ക് കനത്ത തിരിച്ചടിയാകുമെന്ന് ചർച്ച ഉയർന്ന സാഹചര്യത്തിലാണ് അപ്രതീക്ഷിതമായി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് പ്രധാനമന്ത്രി അറിയിച്ചത്. പിന്നീട് ശീതകാല സമ്മേളനത്തിന്റെ തുടക്കത്തിൽ ഇരുസഭകളിലും നിയമങ്ങൾ റദ്ദാക്കി.

ഒരു വർഷത്തിലധികം നീണ്ട ഐതിഹാസികമായ കർഷകസമരത്തെ തുടർന്നാണ് കർഷകർക്ക് മുന്നിൽ കേന്ദ്ര സർക്കാർ കീഴടങ്ങിയത്. ചർച്ച കൂടാതെത്തന്നെ കാർഷിക നിയമങ്ങൾ പിൻവലിച്ചതിൽ കേന്ദ്ര സർക്കാരിനെതിരെ വലിയ വിമർശനങ്ങൾ ഉയർന്നിരുന്നു. നിയമങ്ങൾ എന്തുകൊണ്ടാണ് പിൻവലിക്കുന്നതെന്ന് ബില്ലിൽ വ്യക്തമാക്കിയിട്ടുണ്ട്. പ്രധാനമന്ത്രിയടക്കം ഇക്കാര്യത്തിൽ വിശദീകരണം നൽകിയിട്ടുമുണ്ട്. അതിനാൽ ചർച്ച വേണ്ടെന്നായിരുന്നു കേന്ദ്ര നിലപാട്.

2020 സെപ്റ്റംബറിലാണ് രാജ്യത്തെ കർഷകരെ ഞെട്ടിച്ച് മൂന്ന് വിവാദ കർഷകനിയമങ്ങൾ കേന്ദ്രസർക്കാർ കൊണ്ടുവരുന്നത്. ഇതിനെതിരെ രാജ്യത്ത് കർഷകസമരം ഇരമ്പി. ഡൽഹി അതിർത്തികൾ വളഞ്ഞ് കർഷകർ സമരമിരുന്നപ്പോൾ അവരെ അനുനയിപ്പിക്കാൻ പല തവണ കേന്ദ്രം ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ലോകം മുഴുവൻ ഡൽഹിയുടെ അതിർത്തിയായ സിംഘുവിലേക്ക്, സമരപ്പന്തലുകളിലേക്കുറ്റുനോക്കി. ട്രാക്റ്റർ റാലിക്കിടെയുണ്ടായ അക്രമങ്ങളിലൂടെ കർഷകസമരത്തെ ഇകഴ്‌ത്തിക്കാട്ടാൻ ബിജെപി ശ്രമിച്ചെങ്കിലും നടന്നില്ല. കർഷകരെ കോൺഗ്രസ് ഇളക്കിവിടുകയാണെന്ന് പലപ്പോഴും ബിജെപി ആരോപണമുന്നയിച്ചെങ്കിലും സംയുക്ത കിസാൻ മോർച്ചയെന്ന പൊതുവേദിയിൽ ഊന്നി നിന്ന് സമരഭൂമിയിൽ ഭിന്നിപ്പുണ്ടാകാതിരിക്കാൻ നേതാക്കൾ ശ്രദ്ധിച്ചു.

ഒടുവിൽ ലഖിംപൂർ ഖേരിയിൽ കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്ര കർഷകർക്കിടയിലേക്ക് വണ്ടി ഇടിച്ചുകയറ്റി നടത്തിയ കൂട്ടക്കൊല രാജ്യത്തെ നടുക്കി. ഇതോടെ കേന്ദ്ര സർക്കാരിന് നിൽക്കക്കള്ളിയില്ലാതായി. നടപ്പാക്കിയ നിയമം ഒരു വർഷത്തിനു ശേഷം പിൻവലിക്കുന്ന അസാധാരണ നടപടിയിലേക്ക് കേന്ദ്രത്തിന് കടക്കേണ്ടി വന്നു.

കാർഷിക നിയമങ്ങൾ നിലവിൽ വന്ന് ഒരു വർഷവും രണ്ട് മാസവുമാകുമ്പോൾ നവംബർ 19-നാണ് മൂന്ന് നിയമങ്ങളും പിൻവലിക്കുന്നതായി പ്രധാനമന്ത്രി നരേന്ദ്ര മോദി അപ്രതീക്ഷിതമായി ഒരു ടെലിവിഷൻ പ്രസ്താവനയിലൂടെ പ്രഖ്യാപിക്കുന്നത്. ഇരുസഭകളിലും മൂന്ന് പേജുള്ള ബില്ല് അവതരിപ്പിച്ചത് കൃഷിമന്ത്രി നരേന്ദ്രസിങ് തോമറാണ്. ശീതകാലസമ്മേളനം പാസ്സാക്കിയ മൂന്ന് കാർഷികനിയമങ്ങളും പിൻവലിക്കാനുള്ള ബില്ലിൽ രാഷ്ട്രപതി രാംനാഥ് കോവിന്ദ് ഒപ്പുവയ്ക്കുക കൂടി ചെയ്തതോടെ കർഷകസമരത്തിന് ഫലം കാണുകയായിരുന്നു.

മഹാരാഷ്ട്രയിൽ പരിപാടിയിൽ സംസാരിക്കവെയാണ് കേന്ദ്ര കൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ കാർഷിക നിയമങ്ങൾ വീണ്ടും നടപ്പാക്കിയേക്കുമെന്ന സൂചന നൽകിയത്. വാർത്താഏജൻസിയായ പിടിഐയാണ് വാർത്ത റിപ്പോർട്ട് ചെയ്തത്. കാർഷിക നിയമങ്ങൾ പിൻവലിച്ചതിന് പിന്നിൽ ചിലയാളുകളുടെ ഇടപെടലാണെന്നും മന്ത്രി ആരോപിച്ചു. ''ഞങ്ങൾ കാർഷിക നിയമ ഭേദഗതി കൊണ്ടു വന്നു. എന്നാൽ ചില ആളുകൾക്ക് നിയമം ഇഷ്ടമായില്ല. സ്വാതന്ത്ര്യം കിട്ടി 70 വർഷങ്ങൾക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ നടപ്പാക്കിയ വലിയ പരിഷ്‌കാരമായിരുന്നു കാർഷിക നിയമങ്ങൾ. സർക്കാർ നിരാശരല്ല. ഇപ്പോൾ ഒരു ചുവട് പിന്നോട്ട് വെച്ചു. വീണ്ടും ഞങ്ങൾ മുന്നോട്ടുതന്നെ പോകും. കാരണം കർഷകർ രാജ്യത്തിന്റെ നട്ടെല്ലാണ്;''-അദ്ദേഹം പറഞ്ഞു.

വിവാദമായ മൂന്ന് കാർഷിക നിയമങ്ങൾ പിൻവലിക്കുന്നതിന് രണ്ട് ദിവസം മുമ്പ് ലക്ഷ്യങ്ങളും കാരണങ്ങളും എന്ന തലക്കെട്ടിൽ സർക്കാർ പ്രസ്താവന പുറത്തിറക്കിയിരുന്നു. കേന്ദ്രകൃഷി മന്ത്രി നരേന്ദ്ര സിങ് തോമർ ഒപ്പിട്ട പ്രസ്താവനയിൽ ചിലർ കാർഷകരുടെ ഉന്നമനം തടസ്സപ്പെടുത്തുന്നുവെന്ന് ആരോപണം ഉന്നയിച്ചിരുന്നു. കർഷകരുടെ ഉന്നമനം ലക്ഷ്യമിട്ടാണ് നിയമം കൊണ്ടുവന്നതെന്നും ഗുണങ്ങൾ കർഷകരെ ബോധ്യപ്പെടുത്താൻ പരമാവധി ശ്രമിച്ചെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. കഴിഞ്ഞ വർഷം നവംബറിൽ നടപ്പാക്കിയ കാർഷിക നിയമങ്ങൾ ഒരു വർഷത്തെ പ്രക്ഷോഭത്തെ തുടർന്നാണ് പിൻവലിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് നാടകീയമായി നിയമങ്ങൾ പിൻവലിക്കുകയാണെന്ന് അറിയിച്ചത്. യുപി തെരഞ്ഞെടുപ്പിന് മൂന്ന് മാസം മുമ്പായിരുന്നു പ്രസ്താവന. പിന്നീട് പാർലമെന്റിന്റെ ഇരുസഭകളിലും നിയമം പിൻവലിക്കുകയും ചെയ്തിരുന്നു.