ഛണ്ഡീഗഢ്: കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ നിലനിൽക്കെ സജീവ ക്രിക്കറ്റിൽ നിന്നും വിരമിക്കൽ പ്രഖ്യാപിച്ച മുൻ ഇന്ത്യൻ സ്പിന്നർ ഹർഭജൻ സിങ് രാഷ്ട്രീയ പ്രവേശനത്തിൽ തീരുമാനം വൈകാതെ വ്യക്തമാക്കിയേക്കുമെന്ന് സൂചന. രാഷ്ട്രീയ പ്രവേശനത്തിൽ ഇനിയും സാധ്യത തള്ളാത്തതാണ് കോൺഗ്രസ് പ്രവർത്തകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്നത്.

ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ നിന്നും വിരമിക്കുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ഹർഭജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന റിപ്പോർട്ടുകൾ പുറത്തുവന്നത്. ആസന്നമായ പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിൽ അദ്ദേഹം മത്സരിക്കാനുള്ള സാധ്യതയുണ്ടെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു. ഇതിനിടെയാണ് രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച റിപ്പോർട്ടുകളെ തള്ളാതെ താരത്തിന്റെ പ്രതികരണം വന്നിരിക്കുന്നത്.

'എല്ലാ പാർട്ടിയിലുള്ള രാഷ്ട്രീയക്കാരേയും തനിക്കറിയാം. രാഷ്ട്രീയത്തിലൂടെയോ മറ്റേതെങ്കിലും വഴികളിലൂടെയോ പഞ്ചാബിനായി പ്രവർത്തിക്കും. ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ല', ഹർഭജൻ പറഞ്ഞു.

നേരത്തെ പഞ്ചാബ് കോൺഗ്രസ് അധ്യക്ഷൻ നവജ്യോത് സിങ് സിദ്ദു ഹർഭജനൊപ്പമുള്ള ചിത്രം ട്വീറ്റ് ചെയ്തിരുന്നു. 'ഒരുപാട് സാധ്യതകൾ നിറഞ്ഞുനിൽക്കുന്ന ചിത്രം, മിന്നുംതാരമായ ഭാജിയോടൊപ്പം' എന്ന തലക്കെട്ടോടെയാണ് സിദ്ദു ചിത്രം ട്വീറ്റ് ചെയ്തത്. ഈ ട്വീറ്റ് ഉയർത്തിക്കാട്ടിയാണ് ഹർഭജൻ കോൺഗ്രസിൽ ചേർന്നേക്കുമെന്ന അഭ്യൂഹങ്ങൾ പരന്നത്.

ഹർഭജനെ പഞ്ചാബിൽ ബിജെപി രംഗത്തിറക്കാൻ ഒരുങ്ങുന്നുവെന്ന് നേരത്തെ റിപ്പോർട്ടുകൾ വന്നപ്പോൾ അത് വ്യാജമാണെന്നായിരുന്നു താരത്തിന്റെ അന്നത്തെ പ്രതികരണം. ഇതിന് ശേഷമാണ് സിദ്ദു ഹർഭജനുമായി കൂടിക്കാഴ്ച നടത്തിയത്.