ന്യൂഡൽഹി: ബിജെപിയുടെ പാർട്ടി ഫണ്ടിലേക്ക് ആയിരം രൂപ സംഭാവന നൽകി പ്രധാനമന്ത്രി നരേന്ദ്ര മോദി. ട്വിറ്ററിലൂടെ അദ്ദേഹം തന്നെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. മുൻപ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മദിനത്തോട് അനുബന്ധിച്ച് ബിജെപി. ആരംഭിച്ച ധനസമാഹരണ പരിപാടിയുടെ ഭാഗമായാണ് മോദിയുടെ സംഭാവന.

''ബിജെപിയുടെ പാർട്ടിഫണ്ടിലേക്ക് ഞാൻ 1000 രൂപ സംഭാവന ചെയ്തു. രാജ്യത്തിന്റെ താൽപര്യങ്ങൾക്കാണു നമ്മുടെ പ്രഥമ പരിഗണന. ഒപ്പം, ജീവിതാവസാനം വരെ സ്വാർഥതയില്ലാതെ സേവനം ചെയ്യുന്ന നമ്മുടെ കേഡർമാരെ ചെറിയ തുകകൾ സംഭാവന ചെയ്തു ശക്തരാക്കണം. ബിജെപിയെ ശക്തരാക്കാൻ സഹായിക്കുക, ഇന്ത്യയെ ശക്തമാക്കാൻ സഹായിക്കുക' മോദി ട്വീറ്റ് ചെയ്തു.

മോദി സംഭാവന നൽകിയതിന്റെ റസീപ്റ്റും ട്വീറ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്. സുരക്ഷാകാരണങ്ങൾ മുൻനിർത്തി അദ്ദേഹത്തിന്റെ മൊബൈൽ നമ്പർ, ഇ മെയിൽ, പാൻ നമ്പർ എന്നിവ മറച്ചിട്ടുണ്ട്. സംഭാവനയ്ക്കുള്ള കാരണമായി പാർട്ടി ഫണ്ട് എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. സംഭാവനയ്ക്ക് ആദായനികുതി ബാധകമല്ല.

ബിജെപി ദേശീയ അധ്യക്ഷൻ ജെ.പി.നഡ്ഡയും 1000 രൂപ സംഭാവന ചെയ്തു. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്പേയിയുടെ ജന്മവർഷത്തോടനുബന്ധിച്ചാണു സംഭാവനാ ക്യാംപെയ്ൻ ബിജെപി ആരംഭിച്ചത്. 5 രൂപ മുതൽ 1000 രൂപ വരെ സംഭാവന നൽകാനാകുമെന്നു നഡ്ഡ അറിയിച്ചു. 2022 ഫെബ്രുവരി 22 വരെ ക്യാംപെയ്ൻ തുടരും. നമോ ആപ്ലിക്കേഷനിലെ ഡൊണേഷൻ മൊഡ്യൂളിലൂടെ ആയിരുന്നു തന്റെ സംഭാവനയെന്ന് നഡ്ഡ വ്യക്തമാക്കി.