- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
രാഷ്ട്രീയ നഷ്ടങ്ങൾ സഹിച്ചും നരേന്ദ്ര മോദി സർക്കാർ ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങളെടുത്തു; 'സദ്ഭരണ ദിന' ചടങ്ങിൽ അമിത് ഷാ
ന്യൂഡൽഹി: പ്രതിഷേധങ്ങളും രാഷ്ട്രീയമായി പാർട്ടിക്കുണ്ടാകുന്ന നഷ്ടങ്ങളും വരെ സഹിച്ച് ജനങ്ങൾക്ക് ഉപകാരപ്രദമായ തീരുമാനങ്ങളാണ് നരേന്ദ്ര മോദി സർക്കാർ കൈക്കൊള്ളുന്നതെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യത്തെ പാവപ്പെട്ടവർക്കായി കേന്ദ്ര സർക്കാർ നൽകിയ സൗജന്യ ഭവനം, ശൗചാലയം, ഗ്യാസ് സിലിണ്ടർ, കുടിവെള്ളം, മെഡിക്കൽ ഇൻഷുറൻസ് തുടങ്ങിയ പദ്ധതികളും സദ്ഭരണത്തോടുള്ള കേന്ദ്രത്തിന്റെ സമഗ്ര സമീപനമെന്ന നിലയിൽ അമിത് ഷാ ചൂണ്ടിക്കാണിച്ചു. കോവിഡ് മഹാമാരിക്കിടെ 80 കോടി ജനങ്ങൾക്ക് സൗജന്യ റേഷൻ നൽകിയ പദ്ധതിയെക്കുറിച്ചും അമിത് ഷാ പരാമർശിച്ചു.
ഒരിക്കലും ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാനായി മോദി സർക്കാർ ഒരു തീരുമാനവും എടുത്തിട്ടില്ലെന്നും അമിത് ഷാ പറഞ്ഞു. സദ്ഭരണ ദിനത്തോടനുബന്ധിച്ച് ന്യൂഡൽഹിയിൽ നടന്ന ചടങ്ങിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
'മുൻസർക്കാരുകൾ ചില സന്ദർഭങ്ങളിൽ വോട്ടു ബാങ്ക് ലക്ഷ്യമിട്ടാണ് തീരുമാനങ്ങൾ എടുക്കാറുള്ളത്. എന്നാൽ മോദി സർക്കാർ ഒരിക്കലും ജനങ്ങളുടെ ഇഷ്ടം പിടിച്ചുപറ്റാനായി തീരുമാനങ്ങൾ കൈക്കൊണ്ടിട്ടില്ല. ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങളാണ് സർക്കാർ സ്വീകരിക്കാറുള്ളത്. ഇവ തമ്മിൽ വലിയ വ്യത്യാസങ്ങളുണ്ട്. മുൻസർക്കാറുകളുടെ അത്തരം തീരുമാനങ്ങൾ ഹ്രസ്വകാലത്തേക്ക് ജനപ്രീതി നൽകും. എന്നാൽ ഇത് രാജ്യത്തെ പ്രശ്നങ്ങളിലേക്ക് തള്ളിവിടും', അമിത് ഷാ പറഞ്ഞു.
വ്യത്യസ്തമായ പാതയാണ് മോദി സ്വീകരിക്കുന്നത്. ചില കയ്പേറിയ അനുഭവങ്ങളും പ്രതിഷേധങ്ങളും രാഷ്ട്രീയ നഷ്ടങ്ങളും ഇതുകൊണ്ടുണ്ടാകും. എന്നാൽ ഇവയെല്ലാം സഹിച്ച് ജനങ്ങൾക്ക് ഗുണകരമായ തീരുമാനങ്ങളാണ് സർക്കാർ കൈക്കൊള്ളുന്നത്. മികച്ച ഭരണം ഉറപ്പുവരുത്താൻ അഗാധമായ പ്രതിബദ്ധതയുള്ള ഒരാൾക്ക് മാത്രമേ ഇതെല്ലാം ചെയ്യാൻ സാധിക്കൂ. മോദിക്ക് ഇതു സാധ്യമായി. അതുകൊണ്ടാണ് അദ്ദേഹം ജനങ്ങളുടെ വിശ്വാസം നേടിയെടുത്തതെന്നും അമിത് ഷാ പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ