ന്യൂഡൽഹി: കൊറോണ വൈറസിന്റെ പുതിയ വകഭേദമായ ഓമിക്രോൺ ആശങ്ക പടർത്തുന്നതിനിടെ, രാജ്യത്തെ കുട്ടികൾക്കുള്ള രണ്ടാമത്തെ കോവിഡ് വാക്‌സീനും അനുമതി. ഭാരത് ബയോടെക്കിന്റെ വാക്‌സീനായ കോവാക്‌സിനാണു ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ (ഡിസിജിഐ) അടിയന്തര ഉപയോഗാനുമതി നൽകിയത്. 12 മുതൽ 18 വരെ പ്രായത്തിലുള്ളവർക്കാണു വാക്‌സീൻ നൽകുക. കോവാക്‌സിൻ ആദ്യ ഡോസെടുത്ത് 28 ദിവസത്തിനുശേഷമാണു രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്നു ഡോസ് വാക്‌സീനും ഉപയോഗാനുമതി ലഭിച്ചിരുന്നു.

കുട്ടികൾക്കു കോവിഡ് വാക്‌സീൻ നൽകുന്നത് ഉടൻ ആരംഭിക്കുമെന്ന് കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ കഴിഞ്ഞദിവസം രാജ്യസഭയിൽ അറിയിച്ചിരുന്നു. എല്ലാ സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും ആവശ്യമുള്ളത്ര വാക്‌സീനുണ്ട്. 31 കോടി ഡോസ് വാക്‌സീൻ ഒരു മാസത്തിൽ ഉൽപാദിപ്പിക്കാനുള്ള ശേഷി ഇന്ത്യയ്ക്കുണ്ട്. അടുത്ത രണ്ടു മാസത്തിൽ വാക്‌സീൻ നിർമ്മാണത്തിൽ ഇന്ത്യയുടെ ശേഷി 45 കോടിയിലെത്തുമെന്നും അദ്ദേഹം പറഞ്ഞു.

യൂറോപ്പിലും ആഫ്രിക്കൻ രാജ്യങ്ങളിലും ഉൾപ്പെടെ കോവിഡ് നാലാം തരംഗമുണ്ടായിരിക്കെ ജാഗ്രത നടപടികൾ ഇന്ത്യ കർശനമാക്കുകയാണ്. പ്രതിരോധത്തിൽ ഉദാസീന നിലപാട് അനുവദിക്കാൻ കഴിയില്ലെന്നും, രണ്ടാം തരംഗത്തിൽ നേരിടേണ്ടി വന്ന തിരിച്ചടി ആവർത്തിക്കാതിരിക്കാനുള്ള ഒരുക്കം നടത്തുന്നതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഓമിക്രോൺ കേസുകൾ വ്യാപിക്കുന്ന സാഹചര്യം പരിഗണിച്ചാണിത്.