ശ്രീനഗർ: ജമ്മു കശ്മീരിലെ പുൽവാമ ജില്ലയിലും ഷോപ്പിയാനിലുമുണ്ടായ വ്യത്യസ്ത ഏറ്റുമുട്ടലുകളിൽ നാല് ഭീകരർ കൊല്ലപ്പെട്ടു. ശനിയാഴ്ചയാണ് സംഭവം.ഷോപ്പിയാനിൽ കൊല്ലപ്പെട്ട ഭീകരർ ലഷ്‌കർ-ഇ-തൊയ്ബ (എൽഇടി) അംഗങ്ങളാണെന്നും പുൽവാമയിൽ കൊല്ലപ്പെട്ടവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ലെന്നും ജമ്മു കശ്മീർ പൊലീസ് പറഞ്ഞു. ഷോപ്പിയാനിലെ ബ്രാരിപോറ സ്വദേശി സജാദ് അഹമ്മദ് ചാക്ക്, പുൽവാമയിലെ അച്ചൻലിറ്റർ സ്വദേശി രാജാ ബാസിത് യാക്കൂബ് എന്നിവരാണ് കൊല്ലപ്പെട്ടത്.

രണ്ട് തീവ്രവാദികളും നിരോധിത തീവ്രവാദ സംഘടനയായ ലഷ്‌കർ-ഇ-തൊയ്ബയുമായി ബന്ധമുള്ളവരും നിരവധി തീവ്രവാദ കേസുകളിൽ ഉൾപ്പെട്ടവരുമാണെന്ന് പൊലീസ് പറഞ്ഞു. യുവാക്കളെ തീവ്രവാദ സംഘടനകളിലേക്ക് ആകർഷിക്കുന്നതിലും റിക്രൂട്ട് ചെയ്യുന്നതിലും അഹമ്മദ് ചാക്ക് പ്രധാന പങ്കുവഹിച്ചിരുന്നതായും പൊലീസ് അറിയിച്ചു. രണ്ട് എകെ സീരീസ് റൈഫിളുകളും തിരകളും ഉപ്പെടെയുള്ള ആയുധങ്ങളും വെടിക്കോപ്പുകളും ഭീകരരിൽ നിന്നും പിടിച്ചെടുത്തതായും പൊലീസ് കൂട്ടിച്ചേർത്തു.

പുൽവാമ ജില്ലയിലെ ത്രാൽ പ്രദേശത്തെ ഹർദുമിറിലാണ് രണ്ടാമത്തെ ഏറ്റുമുട്ടൽ നടന്നത്. ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ട രണ്ട് തീവ്രവാദിളെ തിരിച്ചറിഞ്ഞിട്ടില്ല. ഇവരെ തിരിച്ചറിയാനും ഏത് സംഘടനയിൽപ്പെട്ടവരാണെന്ന് കണ്ടെത്താനുമുള്ള ശ്രമങ്ങൾ നടന്നുവരികയാണെന്ന് പൊലീസ് അറിയിച്ചു.