കൽപ്പറ്റ: കുറുക്കന്മൂല നിവാസികളുടെ ഉറക്കം കെടുത്തുന്ന കടവയെ തേടി ഒരു മാസത്തോളമായി വനംവകുപ്പ് തിരച്ചിൽ തുടരുന്നതിനിടെ 'മിന്നൽ മുരളി'യെ ഇറക്കേണ്ടി വരുമെന്ന കമന്റുകളുമായി സോഷ്യൽ മീഡിയ. മിന്നൽ മുരളി എന്ന ചിത്രം കഴിഞ്ഞ ദിവസം പുറത്തുവന്നതോടെ കടുവയുമായി ബന്ധപ്പെട്ട വാർത്തകളിൽ നിറയെ കുറുക്കന്മൂലയെ രക്ഷിക്കാൻ ഇനി മിന്നൽ മുരളിയെ വിളിക്കേണ്ടി വരുമെന്ന തരത്തിൽ കമന്റുകൾ വരുന്നത്.

ശരിക്കുമൊരു മിന്നൽ മുരളിയുണ്ടായിരുന്നെങ്കിൽ കുറുക്കൻ മൂലക്കാർ ഇത്രയ്ക്ക് പേടിക്കേണ്ടിയിരുന്നില്ലെന്നാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഉയരുന്ന കമന്റുകളിൽ ഒന്ന്. ബേസിൽ ജോസഫ് സംവിധാനം ചെയ്ത് നെറ്റ്ഫ്ളിക്സ് റിലീസ് ചെയ്ത മിന്നൽ മുരളിയിലെ പ്രധാന സ്ഥലമായി വരുന്നത് കുറുക്കൻ മൂലയാണ്. ഇടിമിന്നൽ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സൺ മിന്നൽ മുരളി എന്ന പേരിൽ കുറുക്കന്മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നൽ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

എന്നാൽ യഥാർത്ഥ കുറുക്കന്മൂലക്കാർ മനസമാധാനത്തോടെ ഉറങ്ങിയിട്ട് കുറച്ച് ദിവസങ്ങളായി. ഒരു കടുവയാണ് കുറുക്കന്മൂലയിൽ ഭീഷണിയായിരിക്കുന്നത്. വളർത്തുമൃഗങ്ങളെ ഇരയാക്കുന്ന കടുവയെ തേടി കാടിളക്കി പരിശോധിച്ചിട്ടും കണ്ടെത്താനോ പിടികൂടാനോ സാധിച്ചിരുന്നില്ല. കടുവ എവിടേക്ക് പോയെന്ന് മനസിലാക്കാൻ ഇതുവരെ കഴിഞ്ഞിട്ടില്ല.

28 ദിവസത്തോളമായി കടുവയെ തിരയുന്നുണ്ടെങ്കിലും കണ്ടെത്താനായിട്ടില്ല. ക്രിസ്തുമസ് തലേന്ന് വരെ തോൽപ്പെട്ടി വന്യജീവി സങ്കേതത്തിന്റെ ഭാഗമായ ദേവട്ടത്തെ ഉൾവനങ്ങളായ മന്ദംകൊല്ലി, ഈശ്വരക്കൊല്ലി എന്നിവിടങ്ങളിൽ കടുവക്കായി തിരച്ചിൽ നടത്തിയിരുന്നു.

കടുവയുടെ സഞ്ചാരപാത കണ്ടെത്താനായി യഥാർഥ സമയം കാണിക്കുന്ന സി.സി.സി.ടി.വി ഉൾപ്പെടെ 68 ക്യാമറകളാണ് വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിരിക്കുന്നത്.പരിക്കേറ്റതിനാൽ തന്നെ കടുവയുടെ നീക്കങ്ങൾ അതീവ ജാഗ്രതയോടെയും, സൂക്ഷ്മതയോടെയുമായതിനാലാണ് കണ്ടെത്താൻ കഴിയാത്തതെന്നാണ് വിദഗ്ദ്ധർ പറയുന്നത്.