പാറ്റ്‌ന: ബിഹാറിലെ മുസാഫർപുരിൽ നൂഡിൽസ് ഫാക്ടറിയിലുണ്ടായ പൊട്ടിത്തെറിയിൽ ആറ് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റതായാണ് വിവരം. ശനിയാഴ്ച രാത്രി 10 മണിയോട് കൂടിയായിരുന്നു സംഭവം. ഫാക്ടറിയിലെ ബോയിലർ പൊട്ടിത്തെറിച്ചാണ് അപകടമുണ്ടായത്. പൊട്ടിത്തെറിയുടെ ശബ്ദം അഞ്ച് കിലോമീറ്ററിലധികം കേട്ടതായി പ്രദേശവാസികൾ പറയുന്നു.

മുസാഫർപൂരിലെ ബേള ഇൻഡസ്ട്രിയൽ ഏരിയയിലാണ് ഫാക്ടറി സ്ഥിതി ചെയ്യുന്നത്. പൊട്ടിത്തെറിയുടെ ആഘാതത്തിൽ തൊട്ടടുത്തുണ്ടായ മില്ലും തകർന്നതായാണ് വിവരം. മില്ലിനകത്ത് കിടന്നുറങ്ങുകയായിരുന്നു രണ്ട് തൊഴിലാളികൾക്കും പരിക്കേറ്റിട്ടുണ്ട്. അന്വേഷണം ആരംഭിച്ചതായി ജില്ലാ മജിസ്‌ട്രേറ്റ് പ്രണവ് കുമാർ പറഞ്ഞു.

സ്ഫോടനത്തെ തുടർന്ന് സമീപത്തെ വ്യവസായ സ്ഥാപനങ്ങളും തകർന്നിട്ടുണ്ട്. ഫാക്ടറിക്കകത്ത് നിരവധി പേർ കുടുങ്ങിക്കിടക്കുന്നുണ്ടെന്നാണ് സൂചന. എഎസ് പി ജയകാന്തിന്റെ നേതൃത്വത്തിലാണ് സംഭവ സ്ഥലത്ത് രക്ഷാപ്രവർത്തനം നടന്നത്.

രക്ഷാ പ്രവർത്തനത്തിന്റെ ഭാഗമായി പൊലീസ് ഉദ്യോഗസ്ഥർക്ക് പിന്നാലെ അഗ്‌നി ശമന സേനയും എത്തിയത് രക്ഷാ പ്രവർത്തനം ഊർജിതമാക്കാൻ സഹായിച്ചു. ഇപ്പോൾ സംഭവ സ്ഥലത്തെ അവശിഷ്ടങ്ങൾ നീക്കം ചെയ്യുകയും കൂടുതൽ സുരക്ഷ ഉറപ്പു വരുത്തുകയും ചെയ്യുകയാണ്.