- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശബരിമല തീർത്ഥാടനം: കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുമെന്നു ദേവസ്വം മന്ത്രി; വെർച്വൽ ക്യൂ ബുക്ക് ചെയ്ത 10,000 പേർക്ക് പ്രതിദിനം അനുമതി
ശബരിമല: ശബരിമല തീർത്ഥാടകർക്കായി കരിമല വഴിയുള്ള കാനന പാത 31ന് തുറക്കുമെന്നു ദേവസ്വം മന്ത്രി കെ.രാധാകൃഷ്ണൻ. മകരവിളക്ക് തീർത്ഥാടന ഒരുക്കങ്ങൾ വിലയിരുത്താൻ സന്നിധാനത്തിൽ ചേർന്ന ഉന്നതതല യോഗ തീരുമാനങ്ങൾ വിവരിക്കുകയായിരുന്നു മന്ത്രി.
എരുമേലി, കാളകെട്ടി, അഴുത, കരിമല വഴിയുള്ള കാനന പാത 35 കിലോമീറ്ററാണു ദൂരം. കോട്ടയം, പത്തനംതിട്ട, ഇടുക്കി ജില്ലകളിലൂടെയാണ് കടന്നു പോകുന്നത്. അഴുത മുതൽ പമ്പ വരെയുള്ള 18 കിലോമീറ്റർ പെരിയാർ കടുവ സങ്കേതത്തിലൂടെയാണു കടന്നു പോകുന്നത്. ഇതു പൂർണമായും തെളിച്ചു. അപകടകരമായ മരങ്ങൾ മുറിച്ചു നീക്കി.
വന്യ മൃഗങ്ങളുടെ ശല്യം ഉള്ള വഴി ആയതിനാൽ യാത്രയ്ക്കു സമയ നിയന്ത്രണം ഉണ്ട്. എരുമേലിയിൽ നിന്ന് പുലർച്ചെ 5.30 മുതൽ 10.30 വരെ യാത്ര പുറപ്പെടുന്നവർക്കു മാത്രമേ അഴുതയിൽ നിന്ന് കരിമല വഴി പമ്പ വരെ എത്താൻ കഴിയു. ഉച്ചയ്ക്ക് 12 വരെ അഴുതയിൽ നിന്നു പുറപ്പെടുന്നവർക്കു സന്ധ്യയ്ക്ക് മുൻപ് പമ്പയിൽ എത്താം. അതിനു ശേഷം വരുന്നവർക്കു യാത്രാ നിയന്ത്രണം ഉണ്ട്.
വെർച്വൽ ക്യൂ ബുക്ക് ചെയ്ത 10,000 പേർക്കാണു പ്രതിദിനം ഇതുവഴി യാത്ര ചെയ്യാനാകുക. തീർത്ഥാടകർ കൂട്ടമായി വേണം പോകാൻ. ഒറ്റയ്ക്കു പോകുന്നത് അപകടമാണ്. യാത്രാ വേളയിൽ പാതയിൽ വനം വകുപ്പ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം ഉണ്ടാകും. കുടിവെള്ളം, വെളിച്ചം, ചികിത്സാ സഹായം എന്നിവ ഉറപ്പാക്കണം. തീർത്ഥാടകർക്ക് ആവശ്യമായ സംരക്ഷണം ഉറപ്പാക്കാൻ പൊലീസും ശ്രദ്ധിക്കും.
മണ്ഡല കാലത്തു കുറ്റമറ്റ രീതിയിൽ ക്രമീകരണങ്ങൾ ഒരുക്കി. നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവ് വന്നതോടെ മകരവിളക്കിനു വലിയ തിരക്ക് പ്രതീക്ഷിക്കുന്നു. അതിനാൽ ഇപ്പോഴുള്ള സംവിധാനങ്ങൾ അപര്യാപ്തമാണ്. കൂടുതൽ സംവിധാനങ്ങൾ എല്ലാ വകുപ്പുകളും ഒരുക്കും. പുല്ലുമേട് പാത തുറക്കണം എന്നാണ് ആഗ്രഹം. 30ന് മുൻപ് പാത തെളിച്ച് സഞ്ചാര യോഗ്യമാക്കാൻ വനം വകുപ്പിനു നിർദ്ദേശം നൽകി. വൈദ്യസഹായം, എമർജൻസി മെഡിക്കൽ സെന്റർ, പൊലീസ് സഹായ കേന്ദ്രം എന്നിവയും തുറക്കുമെന്നും മന്ത്രി പറഞ്ഞു.
മറുനാടന് മലയാളി ബ്യൂറോ