ന്യൂഡൽഹി: പ്രതിദിന കോവിഡ് കേസുകൾ ഉയരുന്നതിനൊടൊപ്പം ഓമിക്രോൺ വ്യാപനവും പരിഗണിച്ച് ഡൽഹിയിലും രാത്രി കർഫ്യൂ പ്രഖ്യാപിച്ചു. രാത്രി 11 മുതൽ പുലർച്ചെ 5 വരെയാണ് നിയന്ത്രണം. തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വരും.

ഡൽഹിയിൽ ഞായറാഴ്ച 290 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ജൂൺ 10നു ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണിത്. 24 മണിക്കൂറിനിടെ ഒരു കോവിഡ് മരണവും റിപ്പോർട്ടു ചെയ്തു. പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായി ഉയർന്നു. ജൂൺ 10ന് 305 കോവിഡ് കേസുകളും 44 മരണവുമാണ് റിപ്പോർട്ട് ചെയ്തത്.

ഡൽഹിയിൽ ആകെ കോവിഡ് കേസുകൾ 14,43,352 ആയി. മരണം 25,105. നിലവിൽ 1103 രോഗികൾ ചികിത്സയിലുണ്ട്. അതിൽ 583 രോഗികൾ ഹോം ഐസലേഷനിലാണ്. 79 ഓമിക്രോൺ കേസുകളാണ് രാജ്യതലസ്ഥാനത്ത് ഇതുവരെ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ഓമിക്രോൺ വ്യാപനത്തെതുടർന്ന് ഉത്തർപ്രദേശ്, മധ്യപ്രദേശ്, ഹരിയാന, കർണാടക എന്നീ സംസ്ഥാനങ്ങളും രാത്രി കർഫ്യൂ ഏർപ്പെടുത്തിയിരുന്നു. കർണാടകയിലെ പുതുവത്സര ആഘോഷങ്ങൾക്കും നിയന്ത്രണം ഏർപ്പെടുത്തിയതായി സംസ്ഥാന സർക്കാർ അറിയിച്ചു.