തിരുവനന്തപുരം: ബേസിൽ ജോസഫ് സംവിധാനം ചെയ്ത ചിത്രം മിന്നൽ മുരളിയിൽ വളരെ ശക്തമായ ഒരു കഥാപാത്രത്തെയാണ് പി ബാലചന്ദ്രൻ അവതരിപ്പിച്ചത്. എന്നാൽ സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾക്ക് മുന്നേ അദ്ദേഹം നമ്മെ വിട്ടുപോയി. തുടർന്ന് നടൻ ഹരീഷ് പേരടിയാണ് അദ്ദേഹത്തിനായി സിനിമയിൽ ശബ്ദം നൽകിയത്. ഇപ്പോഴിതാ ആ അനുഭവം പങ്കുവെച്ചിരിക്കുകയാണ് ഹരീഷ് പേരടി.

തന്നോടൊപ്പം നിരവധി നാടകങ്ങളിലും സിനിമകളിലും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. അദ്ദേഹത്തിന് ശബ്ദം നൽകാനായി ബേസിൽ ജോസഫ് വിളിച്ചപ്പോൾ അതൊരു ഗുരുദക്ഷിണ പോലെയാണ് തോന്നിയത് എന്ന് ഹരീഷ് പേരടി പറയുന്നു. ഫേസ്‌ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.'എന്റെ നാടക രാത്രികളിൽ ബാലേട്ടനോട് ഇണങ്ങുകയും പിണങ്ങുകയും കെട്ടിപിടിച്ച് സ്‌നേഹം പങ്കുവെക്കുകയും ഒന്നിച്ച് സിനിമകളിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്..മിന്നൽ മുരളിയിലെ ബാലേട്ടന്റെ ശബ്ദമാവാൻ വേണ്ടി ബേസിൽ എന്നെ വിളിച്ചപ്പോൾ അത് ഗുരു സ്ഥാനിയനായ ബാലേട്ടനുള്ള ഗുരുദക്ഷിണ കുടിയായി മാറി', ഹരീഷ് പേരടി പറഞ്ഞു.