- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
നാട്ടുകാർക്ക് കൗതുകമായി വീടിന് മുകളിൽ വട്ടമിട്ട് പറന്ന് അനൂപിന്റെ കൊച്ചു വിമാനം; മെക്കാനിക്കൽ പഠനത്തിനൊപ്പം വിമാന നിർമ്മാണം ഹോബിയാക്കി അനൂപ് എന്ന യുവാവ്
കോങ്ങാട്: കുട്ടിക്കാലത്ത് പേപ്പർ കൊണ്ട് വിമാനം ഉണ്ടാക്കി കളിക്കാത്ത കുട്ടികൾ കുറവായിരിക്കും. എന്നാൽ വലുതാവുമ്പോഴും ആ വിമാന മോഹത്തെ പിന്തുടരുന്നവർ കുറവായിരിക്കും. എന്നാൽ കുട്ടിക്കാലത്ത് ഉണ്ടാക്കി കളിച്ച പേപ്പർ വിമാനങ്ങൾ അനൂപ് എന്ന 21കാരന്റെ മനസിൽ ചെറിയ ചലനം അല്ല സൃഷ്ടിച്ചത്. അവൻ വലുതായത് അനുസരിച്ച് വിമാനം ഉണ്ടാക്കാനുള്ള മോഹവും വളർന്നു. അതുകൊണ്ട് തന്നെ പേപ്പർ വിമാനത്തിൽ നിന്നും പറക്കുന്ന വിമാനം സ്വപ്‌നം കണ്ട അനൂപ് ഇന്ന് അത് നിർമ്മിച്ചു തുടങ്ങി.
കുട്ടിക്കാലം മുതലുള്ള ആഗ്രഹവും നിശ്ചയദാർഢ്യവും ഒന്നിച്ചപ്പോൾ അനൂപിന്റെ മോഹം സഫലമായി. അനൂപിന്റെ ബുദ്ധിയിൽ കൊച്ചു വിമാനം ആകാശത്ത് വട്ടമിട്ടു പറന്നു. ഗ്രാമ പ്രദേശമായ വീടിനു മുന്നിൽ വിമാനം പറന്നുയർന്നതോടെ നാട്ടുകാർക്കു കൗതുകമായി. തുടർച്ചയായി 10 മിനിറ്റ് പറക്കുന്ന വിമാനം ആണു അനൂപ് നിർമ്മിച്ചത്. 800 മീറ്റർ ഉയരത്തിൽ ആണ് സഞ്ചാരം. നിയന്ത്രണം റിമോട്ട് കൺട്രോൾ വഴിയായിരുന്നു. ഇലക്ട്രിക് മോട്ടർ, ബാറ്ററി എന്നിവയാണു പ്രധാന അസംസ്‌കൃത സാധനം. ബോർഡ് നിർമ്മിക്കാൻ ഉപയോഗിക്കുന്ന ഫ്‌ളക്‌സ് വരെ നിർമ്മാണത്തിനു ഉപയോഗിച്ചിട്ടുണ്ട്.
അവസാന വർഷ മെക്കാനിക് എൻജിനീയറിങ് വിദ്യാർത്ഥിയായ പി.എസ്.അനൂപ് റിട്ട. എയർഫോഴ്‌സ് ഉദ്യോഗസഥനായ തൃപ്പലമുണ്ട നരിക്കുളം പുത്തൻ വീട്ടിൽ ശശിധരന്റെയും പ്രസന്നയുടെയും മകനാണ്. ബെംഗളൂരുവിലാണ് താമസം.ക്രിസ്തുമസ് അവധിക്ക് നാട്ടിലേക്ക് പോന്നപ്പോൾ യാത്ര കാറിൽ ആയതിനാൽ നിർമ്മിച്ച വിമാനവും കൂടെ കൊണ്ടുവന്നു.
ഇതോടെയാണ് നാട്ടുകാർക്കും കൗതുമായി അനൂപിന്റെ വിമാനം വീടിനു മുകളിൽ വട്ടമിട്ട് പറക്കുന്നത്.
അനൂപിന്റെ വിമാനത്തിന് 10,000 രൂപ ചെലവ് വന്നു. വീട്ടിൽ പല മോഡൽ വിമാനം നിർമ്മിക്കും പിന്നെ വീണ്ടും മാറ്റി നിർമ്മിക്കും. പഠനത്തിനൊപ്പം വിമാനം നിർമ്മാണം ആണ് പ്രധാന വിനോദം. ഇതിനായി ഈ മേഖലയിൽ പ്രവർത്തിക്കുന്നവരുമായി ആശയ വിനിമയം നടത്തും. യൂട്യൂബ് സൗകര്യം പ്രയോജനപ്പെടുത്തും. അടുത്തത് എൻജിൻ ഘടിപ്പിച്ച വിമാനം നിർമ്മിക്കാനാണ് ലക്ഷ്യം. ഡ്രോൺ, പറക്കുന്ന പറവ എന്നിവയും അനൂപ് നിർമ്മിച്ചിട്ടുണ്ട്.
പക്ഷേ, കൂടുതൽ ഇഷ്ടം വിമാനം നിർമ്മിക്കാനാണ്. ജോലി കിട്ടിയാലും ഒഴിവ് സമയം ഇതിനായി വിനിയാഗിക്കും എന്ന് അനൂപ് പറയുന്നു. ഈ വിഷയത്തിൽ താൽപര്യം ഉള്ള വിദ്യാർത്ഥികൾക്കു അറിവ് പങ്കിടാനും അനൂപ് തയാറാണ്. കേരള റേഡിയോ കൺട്രോൾഡ് ഫ്‌ളയേഴ്‌സ് ക്ലബ് അംഗമാണ്. മാതാപിതാക്കൾക്കൊപ്പം സഹോദരി മിനുവും അനൂപിന്റെ ആകാശ മോഹങ്ങൾക്കു പിന്തുണയുമായി ഉണ്ട്.