- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
രണ്ട് വർഷം അരികിലുണ്ടായിട്ടും മകന്റെ കളിക്കൊഞ്ചലുകൾ കാണാതെ ആ അമ്മ യാത്രയായി; അമ്മയുടെ സ്നേഹ ചുംബനങ്ങൾ ഏറ്റുവാങ്ങാൻ ഭാഗ്യമില്ലാതെ ആ കുരുന്നും ഒറ്റയ്ക്കായി
കൊണ്ടോട്ടി: കളിക്കൊഞ്ചലുകളുമായി രണ്ട് വർഷം മകൻ അടുത്തെത്തിയിട്ടും പെറ്റമ്മ അതൊന്നും അറിയുന്നുണ്ടായിരുന്നില്ല. അമ്മേ എന്നുള്ള മകന്റെ വിളിയോ കൊഞ്ചി കുഴഞ്ഞുള്ള സംസാരമോ ഒന്നും ആ അമ്മ കേട്ടതുമില്ല. പൊന്നേ എന്നുള്ള ആ അമ്മയുടെ വിളി കേൾക്കാൻ ആ മകനും ഭാഗ്യമുണ്ടായില്ല. ഒടുവിൽ കുടുംബത്തിന്റെ രണ്ടു വർഷമായുള്ള പ്രതീക്ഷ ഇല്ലാതാക്കിക്കൊണ്ട് പ്രമീള വിടപറഞ്ഞു. തന്റെ കുഞ്ഞിന്റെ ഓമനമുഖം കാണാനോ പേരുചൊല്ലി വിളിക്കാനോ കഴിയാതെ.
പ്രസവത്തോടെ രണ്ടു വർഷമായി അബോധാവസ്ഥയിൽ കഴിയുകയായിരുന്നു മുതുവല്ലൂർ മാനേരി പുളിയങ്ങാടൻ കൊറ്റന്റെ മകളും കൊളത്തൂർ സുബാഷിന്റെ ഭാര്യ പ്രമീളയാണ് മകനനെ പേരു ചൊല്ലി വിളിക്കാതെ യാത്രയായത്. അമ്മ ആദ്യമായി പേരുചൊല്ലി വിളിക്കണമെന്ന ആഗ്രഹത്തിൽ മകന് പേരിടാതെ കാത്തിരിക്കുകയായിരുന്നു കുടുംബം. പ്രസവത്തോടെ അബോധാവസ്ഥയിലായതാണ് പ്രമീള. എന്നാൽ മകൾ ജീവിതത്തിലേക്ക് തിരികെ വരുമെന്ന പ്രതീക്ഷയിലായിരുന്നു കുടുംബം.
2019 ഡിസംബർ 27-നായിരുന്നു പ്രമീള മഞ്ചേരി മെഡിക്കൽ കോളേജിൽ ആൺകുഞ്ഞിന് ജന്മം നൽകിയത്. പ്രസവസമയത്ത് വയറിനുള്ളിൽ രക്തം കട്ടപിടിച്ചുവെന്നും അടിയന്തര ശസ്ത്രക്രിയ വേണമെന്നും ആശുപത്രി അധികൃതർ കുടുംബത്തെ അറിയിച്ചു. തുടർന്നുനൽകിയ അനസ്‌തേഷ്യയിൽ പ്രമീളയ്ക്ക് ബോധം നഷ്ടമാകുകയായിരുന്നു.
മഞ്ചേരിയിൽനിന്ന് പ്രമീളയെ തൊട്ടടുത്ത ദിവസം കോഴിക്കോട് സ്വകാര്യ ആശുപത്രിയിലേക്കും ഒരു മാസത്തിനുശേഷം കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും മാറ്റിയെങ്കിലും മാറ്റമൊന്നുമുണ്ടായില്ല. അബോധാവസ്ഥയിൽ പ്രമീള രണ്ടു വർഷമായി കിടപ്പിൽ തുടർന്നു. ഇതിനിടെ സർക്കാർ ജോലിയും ഇവരെ തേടിയെത്തി.
നേരത്തേ, എട്ടു വർഷത്തോളം മഞ്ചേരി മെഡിക്കൽ കോളേജിൽ കരാർ അടിസ്ഥാനത്തിൽ ലാബ് ടെക്നീഷ്യനായിരുന്നു. കഴിഞ്ഞവർഷം ലാബ് അസിസ്റ്റന്റായി ജോലി ലഭിച്ചതും പ്രമീള അറിഞ്ഞില്ല. അമ്മ: കാളി. സഹോദരങ്ങൾ: സുബ്രഹ്മണ്യൻ, സുമേശ്, സുലോചന, ഉഷ.