പ്രേക്ഷകരെ ചിരിപ്പിച്ചു കൊല്ലാൻ 'ഉപചാരപൂർവ്വം ഗുണ്ട ജയൻ' ജനുവരി 28ന് തിയറ്ററുകളിലെത്തും. സൈജു കുറുപ്പ് കേന്ദ്ര കഥാപാത്രമായെത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് അരുൺ വൈഗയാണ്. സൈജു കുറുപ്പിന്റെ നൂറാമത് ചിത്രം കൂടിയാണിത്. വേഫെയർ ഫിലിംസിന്റെ ബാനറിൽ ദുൽഖർ സൽമാനും മൈ ഡ്രീംസ് എന്റർടെയ്ന്മെന്റിന്റെ ബാനറിൽ സെബാബ് ആനിക്കാടും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.

രാജേഷ് വർമ്മയുടെതാണ് തിരക്കഥ. ചിത്രത്തിൽ സൈജുവിനെ കൂടാതെ സിജു വിൽസൺ, ശബരീഷ് വർമ്മ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഇതിന് പുറമെ ജോണി ആന്റണി, സാബുമോൻ, സുധീർ കരമന, ജാഫർ ഇടുക്കി, ബിജു സോപാനം, വിജിലേഷ്, ബൈജു എഴുപുന്ന, തട്ടീം മുട്ടീം ഫെയിം സാഗർ സൂര്യ, വൃന്ദ മേനോൻ, നയന, പാർവതി തുടങ്ങിയവരും വേഷമിടുന്നു.

ഹരിനാരായണന്റെ വരികൾക്ക് ബിജിബാൽ ആണ് സംഗീതം പകർന്നിരിക്കുന്നത്. ക്യാമറ എൽദോ ഐസക്, എഡിറ്റർ കിരൺ ദാസ്, സൗണ്ട് ഡിസൈൻ വിഷ്ണു ഗോവിന്ദ് ശ്രീ ശങ്കർ.