ഷിക്കാഗോ: ബെൽവുഡ് സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് കത്തീഡ്രലിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വലിയ ബാവയെന്നറിയപ്പെടുന്ന പരിശുദ്ധ ബസേലിയോസ് ഗീവർഗീസ് ദ്വിതീയൻ ബാവയുടെ അമ്പത്തെട്ടാമത് ഓർമ്മപ്പെരുന്നാൾ 2022 ജനുവരി രണ്ടാം തീയതി ഞായറാഴ്ച ഓർത്തഡോക്സ് സഭയുടെ ബാംഗ്ലൂർ ഭദ്രാസനാധിപൻ അഭിവന്ദ്യ ഡോ. ഏബ്രഹാം മാർ സെറാഫിം തിരുമേനിയുടെ മുഖ്യ കാർമികത്വത്തിൽ ഭക്തിനിർഭരമായി ആഘോഷിക്കും. ഒമ്പത് മണിക്ക് പ്രഭാത നമസ്‌കാരം, 10-ന് വിശുദ്ധ കുർബാന, ധൂപ പ്രാർത്ഥന, അനുസ്മരണ യോഗം, കൈമുത്ത്, ശ്രാദ്ധ സദ്യ എന്നിവയുണ്ടായിരിക്കും.

ദൈവത്തിൽ അടിയുറച്ച വിശ്വാസവും, ഭക്തിയും സർവ്വോപരി തിരുമേനിയുടെ സത്യദീക്ഷയുമായിരുന്നു അദ്ദേഹത്തിന്റെ വിജയരഹസ്യം. പരിശുദ്ധ പരുമല തിരുമേനിയുടേയും, വട്ടശ്ശേരിൽ തിരുമേനിയുടേയും വാത്സല്യവാനായിരുന്ന പരിശുദ്ധ തിരുമേനി ഇന്നും സജീവനായിത്തന്നെ നിലകൊള്ളുന്നതായി കത്തീഡ്രൽ വികാരി ഫാ. ജോർജ് ഡേവിഡ് അഭിപ്രായപ്പെട്ടു.

പരിശുദ്ധ പിതാവിന്റെ ഓർമ്മപ്പെരുന്നാളിലേക്ക് എല്ലാ ഭക്തജനങ്ങളേയും ഹൃദയപൂർവ്വം വികാരി സ്വാഗതം ചെയ്യുന്നു.

പെരുന്നാളിന്റെ വിജയകരമായ നടത്തിപ്പിനുവേണ്ടി ട്രസ്റ്റി ഗ്രിഗറി ഡാനിയേൽ, സെക്രട്ടറി ജിബു ജേക്കബ് തുടങ്ങിയവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.

കത്തീഡ്രൽ ന്യൂസിനുവേണ്ടി ജോർജ് വർഗീസ് വെങ്ങാഴിയിൽ അറിയിച്ചതാണിത്.