ഷിക്കാഗോ: തൃക്കാക്കര എംഎൽഎ ആയിരുന്ന പി.ടി. തോമസിന്റെ വേർപാടിൽ ഫൊക്കാന അനുശോചനം രേഖപ്പെടുത്തി. നാലു തവണ എംഎൽഎയും ഒരു തവണ പാർലമെന്റ് അംഗവുമായിരുന്ന അദ്ദേഹം നിലവിൽ കെപിസിസിയുടെ വർക്കിങ് പ്രസിഡന്റായിരുന്നു.

കെഎസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കെ.എസ്.യു ഇടുക്കി ജില്ലാ പ്രസിഡന്റ്, സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുള്ള അദ്ദേഹം ഇടുക്കി ഡിസിസി പ്രസിഡന്റായും സേവനം അനുഷ്ഠിച്ചിരുന്നു.

തൊടുപുഴയിൽ നിന്നും തൃക്കാക്കരയിൽ നിന്നും എംഎൽഎ ആയിട്ടുള്ള അദ്ദേഹം 2009-ൽ ഇടുക്കി ലോക്സഭാ മണ്ഡലത്തിൽ നിന്നും എംപിയായി തെരഞ്ഞെടുക്കപ്പെട്ടു. തൊടുപുഴയിൽ പി.ജെ. ജോസഫിനെ തോൽപിച്ചാണ് എം.എൽഎ ആയത്.

സ്ഥാനമാനങ്ങൾക്കതീതമായി തന്റെ നിലപാടുകളിൽ ഉറച്ചുനിന്ന നേതാവായിരുന്നു പി.ടി. തോമസ്. ഗാഡ്ഗിൽ പരിസ്ഥിതി സംരക്ഷണ റിപ്പോർട്ടിൽ ലാഭനഷ്ടങ്ങൾ നോക്കാതെ പരിപൂർണ്ണ പിന്തുണ നൽകിയ കേരളത്തിലെ ഏക രാഷ്ട്രീയ നേതാവായിരുന്നു പി.ടി.

അദ്ദേഹത്തിന്റെ വേർപാടിൽ കുടുംബാംഗങ്ങളോടൊപ്പം ദുഃഖത്തിൽ പങ്കുചേരുന്നതായി ഫൊക്കാന പ്രസിഡന്റ് രാജൻ പടവത്തിൽ, ജനറൽ സെക്രട്ടറി വർഗീസ് പാലമലയിൽ, ട്രഷറർ ഏബ്രഹാം കളത്തിൽ, എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. സുജ ജോസ്, ട്രസ്റ്റി ബോർഡ് ചെയർമാൻ വിനോദ് കെയാർകെ, അഡൈ്വസറി ബോർഡ് ചെയർമാൻ ജോസഫ് കുര്യപ്പുറം, വിമൻസ് ഫോറം ചെയർ ഷീല ചെറു എന്നിവരും നാഷണൽ കമ്മിറ്റി അംഗങ്ങളും അനുശോചനം അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: വർഗീസ് പാലമലയിൽ (224 659 0911).