- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ക്രൈസ്തവർക്കെതിരേയുള്ള ആക്രമങ്ങൾ ഇന്ത്യയിൽ വ്യാപകമാകുന്നത് ആശങ്കാജനകം:സിബിസിഐ ലെയ്റ്റി കൗൺസിൽ
കോട്ടയം: മത പരിവർത്തന നിരോധന ബില്ലിന്റെ മറവിൽ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവ വിശ്വാസികൾക്കും ക്രൈസ്തവ സ്ഥാപനങ്ങൾക്കുമേതിരേ നടക്കുന്ന ആസൂത്രിത അക്രമങ്ങൾ ആശങ്കാജനകമാണെന്നും ഇവയ്ക്ക് അറുതിയുണ്ടാകണമെന്നും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിൽ സെക്രട്ടറി ഷെവലിയാർ അഡ്വ. വി സി. സെബാസ്റ്റ്യൻ അഭ്യർത്ഥിച്ചു.
ക്രൈസ്തവ സ്ഥാപനങ്ങൾ മത പരിവർത്തന കേന്ദ്രങ്ങളാണെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്. സ്വാതന്ത്ര്യ പ്രാപ്തി സമയത്തും ഇപ്പോൾ ഏഴു പതിറ്റാണ്ടുകൾക്കുശേഷവും ഇന്ത്യയിലെ ക്രൈസ്തവ ജനസംഖ്യാ 2.3 ശതമാനമായി മാറ്റമില്ലാതെ തുടരുകയാണ്. ക്രൈസ്തവ സ്ഥാപനത്തിലൂടെ പഠിച്ചിറങ്ങുന്നവരെയും വിവിധ സേവനങ്ങളിലേർപ്പെടുന്നവരെയും മതപരിവർത്തനം ചെയ്തിരുന്നെങ്കിൽ ഇന്ത്യ ക്രൈസ്തവ രാജ്യമായി നാളുകൾക്കു മുമ്പേ മാറുമായിരുന്നു. മത പരിവർത്തനമല്ല, വിദ്യാഭ്യാസത്തിലൂടെയും സാംസ്‌കാരിക വളർച്ചയിലൂടെയും മനുഷ്യനിൽ പരിവർത്തനവും മാനസിക വളർച്ചയും സാമൂഹ്യ ഉയർച്ചയും സൃഷ്ടിക്കുന്ന നിസ്വാർത്ഥ സേവനമാണ് ക്രൈസ്തവരുടേത്. പക്ഷേ മതപരിവർത്തന നിരോധന നിയമം സൃഷ്ടിച്ച് ക്രൈസ്തവർക്കു നേരെ അക്രമങ്ങൾ അഴിച്ചുവിടുന്നത് ഭരണഘടന ഉറപ്പു നൽകുന്ന മതേതരത്വ മൂല്യങ്ങളെ വെല്ലുവിളിക്കുന്നതും തകർക്കുന്നതുമാണ്. ഇതിനെതിരേ പൊതു മനഃസാക്ഷി ഉണരണം.
ഇതിനോടകം ഇന്ത്യയിലെ ഒൻപത് സംസ്ഥാനങ്ങളിൽ മതപരിവർത്തന നിരോധന നിയമം പല രൂപത്തിൽ പാസാക്കിയിട്ടുണ്ട്. മധ്യപ്രദേശ്, കർണാടക ഉൾപ്പെടെ വിവിധ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കു നേരെ അക്രമിക്കാനുള്ള ആയുധമാക്കി. നിയമ വ്യവസ്ഥകളെയും ഭരണഘടനയെപ്പോലും വെല്ലുവിളിക്കുന്ന രീതിയിൽ ചില തീവ്രവാദ സംഘടനകൾ ഈ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നത് എതിർക്കാതെ നിവൃത്തിയില്ല.
ക്രൈസ്തവരുടെ അവകാശ സംരക്ഷണത്തിനായി കർണാടക കാത്തലിക് ബിഷപ്സ് കൗൺസിൽ പ്രസിഡന്റ് ആർച്ച് ബിഷപ് റൈറ്റ് റവ. ഡോ. പീറ്റർ മച്ചാഡോയുടെ നേതൃത്വത്തിൽ നടക്കുന്ന എല്ലാ ജനകീയ പോരാട്ടങ്ങൾക്കും കാത്തലിക് ബിഷപ്സ് കോൺഫറൻസ് ഓഫ് ഇന്ത്യ ലെയ്റ്റി കൗൺസിലും ഇന്ത്യയിലെ വിവിധ അൽമായ സംഘടനകളും പിന്തുണ നൽകും. അതേ സമയം വർഷങ്ങൾക്കുശേഷം കാശ്മീരിൽ ക്രൈസ്തവ ദേവാലയം തുറന്ന് ബലിയർപ്പണ സൗകര്യമൊരുക്കിയ കേന്ദ്രസർക്കാർ നടപടി സ്വാഗതാർഹമാണെന്നും വി സി. സെബാസ്റ്റ്യൻ പറഞ്ഞു.