തിരുവനന്തപുരം: മലബാർ സമരത്തിനിടെ തെറ്റായ പ്രവണതകൾ ചില ഭാഗങ്ങളിൽ നിന്ന് ഉണ്ടായിരുന്നുവെന്നും ഇത്തരം സാഹചര്യങ്ങളിൽ കലാപകാരികൾക്കെതിരെ ശക്തമായ നിലാപാടെടുത്തയാളാണ് വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെന്നും മുഖ്യമന്ത്രി പിണറായി വിജയൻ.സിപിഎം മലപ്പുറം ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടു സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

സംഘ്പരിവാർ വീര സവർക്കർ എന്നു വിളിക്കുന്നയാൾ സ്വാതന്ത്ര്യ സമരപോരാട്ടത്തിനിടെ ബ്രിട്ടീഷുകാർക്ക് മാപ്പെഴുതികൊടുത്ത് രക്ഷപ്പെട്ടയാളാണ്. എന്നാൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി ബ്രിട്ടീഷുകാർക്കെതിരെ പോരാടി നെഞ്ചുവിരിച്ചുനിന്ന് വെണ്ടിയുണ്ടയേറ്റുവാങ്ങിയ ആളാണെന്നും മുഖ്യമന്ത്രി ഓർമിപ്പിച്ചു. ഇത്തരം കാര്യങ്ങളെ തുറന്നുകാട്ടാനും പ്രതിരോധിക്കാനും ജനാധിപത്യ വിശ്വാസികൾ രംഗത്തു വരണമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.

വർഗീയ നില പാട് സ്വീകരിച്ചവർക്കെതിരെ കടുത്ത നടപടിയെടുത്ത വാരിയൻകുന്നനെ ചിലർ വർഗീയവാദിയാക്കാൻ ശ്രമിക്കുന്നു. മലബാർ സമരത്തെ വർഗീയ വത്കരിക്കാൻ ഹിന്ദു വർഗീയ വാദികളും ഇസ്ലാമിക വർഗീയ വാദികളും ശ്രമം നടത്തുന്നുണ്ട്. അത്തരക്കാർ വർഗിയ ധ്രുവീകരണമുണ്ടാക്കുകയാണ്. ചെറിയ പ്രശ്നങ്ങളിലും വർഗീയത കണ്ടെത്താൻ അവർ ശ്രമിക്കുന്നു.

ലൗ ജിഹാദിന്റേയും ഹലാൽ ഭക്ഷണത്തിന്റേയും പേരിൽ നാം ഇതാണ് കണ്ടെതെന്നും മുഖ്യമന്ത്രി പറഞ്ഞു.മുസ്ലിം ലീ?ഗിനെതിരെയും മുഖ്യമന്ത്രി വിമർശനമുന്നയിച്ചു. മത വർഗീയ സംഘടനകളുടെ മുദ്രാവാക്യങ്ങൾ മുസ്ലിംലീഗ് ഏറ്റെടുത്തിരിക്കുകയാണ്. ലീഗിനകത്ത് സമാധാനം ആഗ്രഹിക്കുന്നവർ ഇതിനെതിരെ രംഗത്ത് വരണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൂന്നു ദിവസങ്ങളായി തിരൂരിൽ നടക്കുന്ന സിപിഎം ജില്ലാ സമ്മേളന ഉദ്ഘാടന പ്രസംഗത്തിൽ ആയിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. മുഖ്യമന്ത്രിയെ കൂടാതെ പൊളിറ്റ് ബ്യൂറോ അംഗം എം എ ബേബി, കേന്ദ്ര കമ്മിറ്റി അംഗങ്ങളായ ഇ പി ജയരാജൻ, പാലൊളി മുഹമ്മദ് കുട്ടി, എളമരം കരീം, എ വിജയരാഘവൻ, പി കെ ശ്രീമതി, കെ രാധാകൃഷ്ണൻ എന്നിവരും സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്.