കൊച്ചി: നടിയെ ആക്രമിച്ച കേസിൽ വിചാരണ കോടതി നടപടികൾക്കെതിരെ പ്രോസിക്യൂഷൻ വീണ്ടും ഹൈക്കോടതിയിൽ. ചില സുപ്രധാന സാക്ഷികളെ വിസ്തരിക്കാനുള്ള പ്രോസിക്യൂഷൻ ആവശ്യം വിചാരണ കോടതി അംഗീകരിക്കുന്നില്ലെന്നാണ് പരാതി. കേസിലെ പ്രധാന വാദങ്ങൾ കോടതി രേഖപ്പെടുത്തുന്നില്ലെന്നും സ്‌പെഷൽ പ്രോസിക്യൂട്ടർ നൽകിയ ഹർജിയിൽ പറയുന്നു.

പ്രതികളുടെ ഫോൺ രേഖകളുടെ ഒറിജിനൽ പതിപ്പുകൾ വിളിച്ചു വരുത്തണമെന്ന പ്രോസിക്യൂഷൻ ആവശ്യം കോടതി തള്ളിയിരുന്നു. ഇതോടെ സിഡിആർ അടിസ്ഥാനമാക്കിയുള്ള നിർണ്ണായക തെളിവുകൾ അപ്രസക്തമായെന്നും ഹർജിയിൽ പറയുന്നുണ്ട്.

ഇത് രണ്ടാം തവണയാണ് വിചാരണ കോടതി നടപടികളിൽ അതൃപ്തിയുമായി പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിക്കുന്നത്. കോടതി നടപടിയിൽ പ്രതിഷേധിച്ച് മുൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടർ രാജിവെച്ചിരുന്നു. ഹർജി ഹൈക്കോടതിയുടെ അവധിക്കാല ബഞ്ച് ചൊവ്വാഴ്ച പരിഗണിക്കും.

നടിയെ ആക്രമിച്ച കേസിൽ 16 സാക്ഷികളുടെ പുനർവിസ്താരത്തിനാണ് പ്രോസിക്യൂഷൻ അനുമതി തേടിയിരുന്നത്. എന്നാൽ വിചാരണ കോടതി ഈ ആവശ്യം പൂർണമായും അംഗീകരിച്ചിരുന്നില്ല. ഇതിനെതിരേയാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ ഹർജി സമർപ്പിച്ചിരിക്കുന്നത്.

16 പേരുടെ പട്ടികയിൽ ഏഴുപേർ നേരത്തെ സാക്ഷി പറഞ്ഞവരാണ്. ഇവരിൽനിന്ന് കൂടുതൽ വിവരങ്ങൾ തേടേണ്ടതുണ്ടെന്നായിരുന്നു പ്രോസിക്യൂഷന്റെ വാദം. ഒമ്പത് പേരിൽനിന്ന് പുതുതായി വിശദീകരണം തേടണമെന്നും പ്രോസിക്യൂഷൻ ആവശ്യപ്പെട്ടിരുന്നു.

എന്നാൽ കഴിഞ്ഞദിവസം പ്രോസിക്യൂഷന്റെ ഈ ആവശ്യം വിചാരണ കോടതി നിരാകരിച്ചു. മൂന്നുപേരുടെ പുനർവിസ്താരത്തിന് മാത്രമാണ് കോടതി അംഗീകാരം നൽകിയത്. രണ്ടുപേരെ വിളിച്ചുവരുത്താനും ഒരാളെ പുതുതായി സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും കോടതി അനുമതി നൽകി. എന്നാൽ ഇത് പോരെന്നാണ് പ്രോസിക്യൂഷന്റെ നിലപാട്. പട്ടികയിലുള്ള 16 പേരുടെയും വിസ്താരം കേസിൽ പ്രധാനപ്പെട്ടതാണെന്ന് വാദിച്ചാണ് പ്രോസിക്യൂഷൻ ഹൈക്കോടതിയെ സമീപിച്ചിരിക്കുന്നത്.