കോഴിക്കോട്: സംസ്ഥാനത്ത് വിലക്കയറ്റം തടയുന്നതിന്റെ ഭാഗമായി വ്യാഴാഴ്ച മുതൽ തെങ്കാശിയിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി എത്തിക്കുമെന്ന് കൃഷിമന്ത്രി പി.പ്രസാദ്. ഇടത്തട്ടുകാരില്ലാതെയാണ് പച്ചക്കറി എത്തിക്കുകയെന്ന് മന്ത്രി കോഴിക്കോട്ട് മാധ്യമ പ്രവർത്തകരോടു പറഞ്ഞു.

കർഷക ഗ്രൂപ്പുകളുമായി ചർച്ച നടത്തിയിട്ടുണ്ട്. തമിഴ്‌നാടുമായി കരാർ ഉറപ്പിച്ചു. നേരിട്ട് ശേഖരിക്കുന്നതിനാൽ ചൂഷണം ഉണ്ടാവില്ല. പച്ചക്കറി വിലക്കയറ്റം തടയാൻ സർക്കാർ നടപടിയെടുത്തുവരികയാണെന്നു മന്ത്രി പറഞ്ഞു.

10 ടൺ തക്കാളി ആന്ധ്രയിൽ നിന്ന് തിരുവനന്തപുരത്ത് എത്തിച്ചിട്ടുണ്ട്. തക്കാളി കൊണ്ടുവരുന്നതിനു ആന്ധ്ര സർക്കാരുമായി ചർച്ച നടത്തിയിട്ടുണ്ട്. 70 ടൺ പച്ചക്കറി പ്രതിദിനം മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് കൊണ്ടുവരുന്നുണ്ട്. നമുക്കാവശ്യമായ പച്ചക്കറി നമ്മൾ തന്നെ ഉത്പാദിപ്പിക്കണമെന്നും മന്ത്രി പറഞ്ഞു.