തിരുവനന്തപുരം: കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയതിന് പിന്നാലെ ' സദ്ഭരണ'ത്തിന്റെ പേരിലും പുകഴ്‌ത്തലുമായി കോൺഗ്രസ് എംപി ഡോ. ശശി തരൂർ.

നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചികയിൽ കേരളം ഒന്നാമതെത്തിയതിന് പിന്നാലെ ഉത്തർ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ പരിഹസിച്ചും കേരളത്തെ പുകഴ്‌ത്തിയുമാണ് ഡോ. ശശി തരൂർ രംഗത്തെത്തിയത്.

യോഗി ആദിത്യനാഥ് സദ്ഭരണവും രാഷ്ട്രീയ പ്രവർത്തനവും കേരളത്തെ കണ്ടുപഠിക്കണമെന്ന് തരൂർ ട്വിറ്ററിൽ കുറിച്ചു. 2017ൽ യുപിയുടെ ആരോഗ്യ പരിചരണം എങ്ങനെയെന്ന് കേരളം കണ്ടുപഠിക്കണമെന്ന് യോഗി ആദ്യത്യനാഥ് പറഞ്ഞിരുന്നു. അതിനുള്ള മറുപടിയായാണ് കേരളത്തിന്റെ നേട്ടം ചൂണ്ടിക്കാട്ടി തരൂരിന്റെ കുറിപ്പ്.

'യോഗി ആദിത്യനാഥിനെപ്പോലുള്ളവർ ആരോഗ്യ രംഗത്തെ സമ്പ്രദായങ്ങൾ മാത്രമല്ല, സദ്ഭരണവും എല്ലാവരെയും ഉൾക്കൊള്ളുന്ന രാഷ്ട്രീയവും കേരളത്തെ കണ്ട് പഠിക്കണം. അങ്ങനെയെങ്കിൽ അത് രാജ്യത്തിന് നേട്ടമാകും. പകരം അവർ രാജ്യത്തെ അവരുടെ നിലയിലേക്ക് വലിച്ചിഴയ്ക്കാനാണ് ശ്രമിക്കുന്നത്'- തരൂർ ട്വിറ്ററിൽ കുറിച്ചു.

എൽഡിഎഫ് സർക്കാരിന്റെ വികസന ക്ഷേമ പധതികളെ തുടർച്ചയായി പിന്തുണച്ചും പുകഴ്‌ത്തിയുമുള്ള തരൂരിന്റെ പരസ്യ നിലപാട് കോൺഗ്രസിനേയും യുഡിഎഫിനേയും ഒരുപോലെ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. കെ റെയിൽ പദ്ധതിയിൽ കോൺഗ്രസും യുഡിഎഫ് നേതൃത്വവും സ്വീകരിച്ച നിലപാടുകൾക്ക് ഘടകവിരുദ്ധമായ നിലപാടാണ് തരൂർ സ്വീകരിച്ചത്.
കെ റെയിൽ പധതിയേയും തരൂർ പിന്തുണക്കുകയാണ്

കെ-റെയിലിനെതിരെ യു.ഡി.എഫ് എംപിമാർ കേന്ദ്ര റെയിൽവേ മന്ത്രിക്ക് അയച്ച കത്തിൽ തരൂർ ഒപ്പുവെക്കാതിരുന്നത വൻ വിവാദത്തിന വഴിവെച്ചിരുന്നു. കെ-റെയിൽ പദ്ധതിയെ കുറിച്ച് നന്നായി പഠിക്കാതെ അക്കാര്യത്തിൽ നിലപാട് എടുക്കാനാകില്ലെന്നും അങ്ങനെയൊരു പഠനം നടക്കാതിരുന്നതിനാലാണ് കത്തിൽ താൻ ഒപ്പുവെക്കാതിരുന്നതെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.

കത്തിൽ ഒപ്പുവെച്ചില്ലായെന്നതിന്റെ അർഥം താൻ കെ-റെയിലിനെ പിന്തുണക്കുന്നുവെന്നല്ല. കെ-റെയിൽ സുപ്രധാന ചോദ്യങ്ങൾ ഉയർത്തുന്നുണ്ട്. പാരിസ്ഥിതിക ആഘാതം, സാമ്പത്തിക പ്രായോഗിതക, ജനങ്ങളുടെ ആശങ്കകൾ തുടങ്ങിയവ. ഇതിന് പരിഹാരമുണ്ടാക്കാൻ സർക്കാറും ജനപ്രതിനിധികളും വിദഗ്ധരും ഉൾപ്പെടുന്ന ഒരു ഫോറം രൂപീകരിക്കാൻ ഞാൻ ആവശ്യപ്പെട്ടിരുന്നു. ഇത്തരം സമീപനമാണ് കേരളത്തിലെ ജനങ്ങൾക്ക് ഉപകാരപ്രദമാകുക. അല്ലാതെ കണ്ണടച്ച് ഒരു പദ്ധതിയെയും എതിർക്കുന്നത് ജാനാധിപത്യത്തിൽ സ്വാഗതാർഹമായ നിലപാടല്ല.

ആശയപരമായി എതിർഭാഗത്തുള്ളവർ മുന്നോട്ടുവെക്കുന്ന എന്തിനെയും എതിർക്കുകയെന്നത് അംഗീകരിക്കാനാകില്ല. ബിജെപി ഇതാണ് ചെയ്തുകൊണ്ടിരിക്കുന്നത്. യു.ഡി.എഫിനും എൽ.ഡി.എഫിനും ഇതുതന്നെയാണ് പലപ്പോഴും സംഭവിക്കുന്നത്. ചർച്ചയും സംവാദവും വിയോജിപ്പുമാണ് ജനാധിപത്യത്തിന്റെ അടിസ്ഥാന ശിലകളെന്നും ശശി തരൂർ വ്യക്തമാക്കിയിരുന്നു.

എന്നാൽ കെ. റെയിൽ വിഷയത്തിൽ പാർട്ടി തീരുമാനത്തിനെതിരെ പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ശശി തരൂർ എംപിക്കെതിരെ മുന്നറിയിപ്പുമായി കെപിസിസി പ്രസിഡന്റ കെ. സുധാകരൻ രംഗത്ത് വന്നിരുന്നു. പാർട്ടി എംപിമാരെല്ലാം പാർട്ടികക വഴിപ്പെടണം. പാർട്ടിക്ക് വിധേയപ്പെട്ടില്ലെങ്കിൽ തരൂർ പാർട്ടിയിൽ ഉണ്ടാകില്ലെന്നും സുധാകരൻ വ്യകതമാക്കിയിരുന്നു. പാർട്ടി നേതൃത്വം നിലപാട് കടുപ്പിക്കുമ്പോഴും ഇടത് സർക്കാരിനെ പ്രശംസിച്ച് ശശി തരൂർ രംഗത്ത് വന്നത് വിമർശനത്തിന് ഇടയാകാൻ സാധ്യതയുണ്ട്.

കഴിഞ്ഞ ദിവസമാണ് നീതി ആയോഗിന്റെ ദേശീയ ആരോഗ്യ സൂചിക പട്ടിക പുറത്തുവന്നത്. വലിയ സംസ്ഥാനങ്ങളുടെ വിഭാഗത്തിൽ മികച്ച പ്രവർത്തനം കണക്കിലെടുത്താണ് കേരളം ഒന്നാമതെത്തിയത്. തമിഴ്‌നാടും തെലങ്കാനയും പട്ടികയിൽ രണ്ടും മൂന്നും സ്ഥാനങ്ങളിലെത്തി. ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നിൽ ഉത്തർപ്രദേശാണ്. സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോഗ്യ പരിരക്ഷാ സംവിധാനങ്ങൾ വികസിപ്പിക്കുന്നതും ആരോഗ്യ മേഖലയിലെ പുരോഗതി വിലയിരുത്തുന്നതും ലക്ഷ്യമാക്കിയാണ് നിതി ആയോഗ് ആരോഗ്യ സൂചിക തയ്യാറാക്കുന്നത്.

സാമൂഹ്യ സുരക്ഷാ മേഖലകളിൽ കേരളത്തിന്റെ മികച്ച പ്രകടനത്തെ അഭിനന്ദിച്ച് നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാർ പോൾ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. വിവിധ മേഖലകളിൽ സംസ്ഥാനത്തിന്റെ അനുഭവങ്ങളും നേരിടുന്ന പ്രശ്നങ്ങളും ചർച്ച ചെയ്യാൻ മുഖ്യമന്ത്രി പിണറായി വിജയന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്റെ നേട്ടങ്ങളെ പ്രകീർത്തിച്ചത്.