തിരുവനന്തപുരം: സംസ്ഥാനത്ത് ക്രിസ്മസ് - പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായുള്ള ഡി.ജെ പാർട്ടികൾക്ക് നിയന്ത്രണം ഏർപ്പെടുത്താൻ പൊലീസ്. ലഹരി ഉപയോഗത്തിന് സാധ്യതയെന്ന മുന്നറിയിപ്പിനെ തുടർന്ന് കർശന പരിശോധനക്ക് ഡി.ജി.പി നിർദ്ദേശം നൽകി. തിരുവനന്തപുരത്ത് രണ്ട് ഹോട്ടലുകൾക്ക് പൊലീസ് നോട്ടീസ് നൽകി.

ഡി.ജെ പാർട്ടികളും അതോടനുബന്ധിച്ചുള്ള ആഫ്റ്റർ പാർട്ടികളും ലഹരി ഉപയോഗത്തിന്റെ കേന്ദ്രങ്ങളായി മാറുന്നുവെന്നാണ് പൊലീസിന്റെ വാദം. കൊച്ചിയിലും തിരുവനന്തപുരത്തെ പൂവാറിലുമെല്ലാം നടന്ന പരിശോധനകൾ അത് സ്ഥിരീകരിച്ചെന്നും പറയുന്നു. ക്രിസ്മസ്പുതുവൽസര ആഘോഷങ്ങളുടെ ഭാഗമായുള്ള ഇത്തരം പാർട്ടികളിലും ലഹരി ഉപയോഗത്തിന് സാധ്യതയെന്ന് ഇന്റലിജൻസ് മുന്നറിയിപ്പുമുണ്ട്.

ഈ സാഹചര്യത്തിലാണ് കർശന പരിശോധനക്കും നിയന്ത്രണങ്ങൾക്കും ഡി.ജി.പി നിർദ്ദേശം നൽകിയത്. ഇതിന്റെ ഭാഗമായി തിരുവനന്തപുരത്തെ രണ്ട് ഹോട്ടലുകൾക്ക് പൊലീസ് നോട്ടീസ് നൽകി. സി.സി.ടി.വി കാമറകൾ സ്ഥാപിച്ചിരിക്കുന്ന ഇടങ്ങളിൽ മാത്രമേ പാർട്ടി നടത്താവു. പൊലീസ് ആവശ്യപ്പെടുന്ന മുറയ്ക്ക് ദൃശ്യങ്ങൾ ലഭ്യമാക്കണം. രാത്രി 10ന് ശേഷം പാർട്ടിയോ ആഘോഷങ്ങളോ പാടില്ല.

പാർട്ടിയിൽ പങ്കെടുക്കുന്നവരുടെ വിവരങ്ങൾ ഹോട്ടൽ ഉടമ പൊലീസിന് നൽകണം. ഈ നിബന്ധനകൾ അംഗീകരിച്ചില്ലങ്കിൽ പാർട്ടി നടത്താൻ അനുവദിക്കില്ലെന്നുമാണ് പൊലീസിന്റെ നിലപാട്. ഇതേ മാതൃകയിൽ സംസ്ഥാനത്തെ മുഴുവൻ ഹോട്ടലുകൾക്കും റിസോർട്ടുകൾക്കും മാളുകൾക്കും നോട്ടീസ് നൽകും.