പനജി: ഗോവയിൽ ആദ്യ ഓമിക്രോൺ കേസ് റിപ്പോർട്ട് ചെയ്തു. യുകെയിൽ നിന്നെത്തിയ എട്ടുവയസ്സുകാരനിലാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്. ഡിസംബർ 17നാണ് കുട്ടി ഗോവയിൽ എത്തിയത്. പുണെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയിൽ നടത്തിയ പരിശോധനയിൽ കുട്ടിക്ക് ഓമിക്രോൺ വകഭേദം കണ്ടെത്തുകയായിരുന്നെന്ന് ആരോഗ്യമന്ത്രി വിശ്വജിത് റാണെ പറഞ്ഞു.

ആദ്യ കേസ് റിപ്പോർട്ട് ചെയ്ത സ്ഥിതിക്ക് ഗോവയിലെ പുതുവത്സരാഘോഷങ്ങൾക്ക് നിയന്ത്രണങ്ങൾ ഉണ്ടാകുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്. കോവിഡ് വ്യാപനം തടയുന്നതിൽ വേണ്ട നടപടികൾ എടുക്കണമെന്നും അതീവജാഗ്രത വേണമെന്നും ടൂറിസം വകുപ്പിനോട് മുഖ്യമന്ത്രി പ്രമോദ് സാവന്ത് ആവശ്യപ്പെട്ടു.

അതേസമയം, രാജ്യത്ത് ഓമിക്രോൺ കേസുകൾ 600ന് അടുത്തായി. രോഗികളുടെ എണ്ണത്തിൽ ഡൽഹി മഹാരാഷ്ട്രയെ മറികടന്നു. കേരളം മൂന്നാം സ്ഥാനത്താണ്. ആഘോഷ സാഹചര്യം കണക്കിലെടുത്ത് പ്രാദേശിക നിയന്ത്രണങ്ങൾ വേണമെന്നും കണ്ടെയ്ന്മെന്റ് നടപടികൾ കൃത്യമായി പാലിക്കണമെന്നും സംസ്ഥാനങ്ങളോട് കേന്ദ്രസർക്കാർ നിർദേശിച്ചു. കേരളം ഉൾപ്പെടെയുള്ള ചില സംസ്ഥാനങ്ങളിൽ രാത്രി കർഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്.