ൻ വിജയകരമായി പൂർത്തിയാക്കിയ വാക്സിൻ പദ്ധതിക്ക് ശേഷവും ബ്രിട്ടന് ഇനിയും ഒന്നൊന്നൊര വർഷം കൂടി കോവിഡ് ദുരന്തങ്ങൾ അനുഭവിക്കേണ്ടി വരുമെന്നാണ് ഒരു കൂട്ടം ശാസ്ത്രജ്ഞന്മാർ നൽകുന്ന മുന്നറിയിപ്പ്. ബൂസ്റ്റർ ഡോസിൽ നിന്നും ലഭിക്കുന്ന പ്രതിരോധം പരമാവധി നീണ്ടു നിൽക്കുക 10 ആഴ്‌ച്ചവരെ മാത്രമെന്നും ഇവർ പറയുന്നു. നേരത്തേ, യഥാർത്ഥ സാഹചര്യത്തിലെ വിവരങ്ങളെ അടിസ്ഥാനമാക്കി നടത്തിയ ഒരു പഠനത്തിൽ ഫൈസറിന്റെ ബൂസ്റ്റർഡോസ് എടുത്ത് രണ്ടര മാസം കഴിയുമ്പോൾ തന്നെ പ്രതിരോധ ശേഷി 35 ശതമാനം വരെയായി കുറയുന്നുവെന്ന് കണ്ടെത്തിയിരുന്നു.

എന്നാൽ, ആദ്യ രണ്ടു ഡോസുകളിൽ ഫൈസർ നൽകി, മൂന്നാം ഡോസിൽ മൊഡേണ നൽകിയവരിൽ ഇതേ കാലയളവിൽ പ്രതിരോധശേഷി 70 ശതമാനം വരെയുണ്ടായിരുന്നു. മൂന്നാം ഡോസ് നൽകുന്ന പ്രതിരോധ ശേഷി അതിവേഗം ദുർബലമാകുന്ന സാഹചര്യത്തിൽ നാലാം ഡോസ് നൽകുന്നതിനെ കുറിച്ച് ആലോചിക്കുകയാണ് ബ്രിട്ടനിപ്പോൾ. രണ്ടാം വട്ട ബൂസ്റ്റർ ഡോസ് പദ്ധതി ആരംഭിച്ച് ഇസ്രയേലിന്റെ പാതയിലേക്കാണ് ബ്രിട്ടനും പോകുന്നത്.

എന്നാൽ, പെട്ടെന്ന് ഒരു നാലാം ഡോസ് പദ്ധതി ആരംഭിക്കാതെ, ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ബ്രിട്ടീഷ് സർക്കാർ. രണ്ട് ഡോസ് തന്നെ ഓമിക്രോൺ ബാധിതരെ ആശുപത്രി സഹായം തേടുന്നതിൽ നിന്നും ഒരു പരിധിവരെ സംരക്ഷിച്ചിട്ടുണ്ട്. മൂന്നാം ഡോസ് ഈ സംരക്ഷണ വലയത്തിന്റെ ശക്തി ഒന്നുകൂടി വർദ്ധിപ്പിച്ചു. അതായത്, നാലമത്തെ ഡോസ് ആവശ്യമായി വരില്ലെന്നും ഒരു അഭിപ്രായം ഉയരുന്നുണ്ട്.

അതേസമയം, ഓരോ മൂന്ന് മാസം കൂടുമ്പോഴും പുതിയ ഡോസ് നൽകി പ്രതിരോധ ശേഷി വർദ്ധിപ്പിക്കേണ്ട സാഹചര്യമാണെങ്കിൽ വാക്സിനുകൾ കൊണ്ട് കോവിഡിനെ തോൽപ്പിക്കാമെന്നത് തികച്ചും അസാദ്ധ്യമായ കാര്യമാണെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. അങ്ങനെ ഒരു പദ്ധതി വന്നാൽ, ഓരോ 90 ദിവസം കൂടുമ്പോഴും എൻ എച്ച് എസ് 50 മില്യൺ വാക്സിനുകൾ നൽകണം. മറ്റൊരു വിധത്തിൽ പറഞ്ഞാൽ, ദിവസേന 5.5 ലക്ഷം വാക്സിനുകൾ നൽകണം. മാത്രമല്ല, വാക്സിൻ നൽകുന്നതിനുള്ള പ്രതിവർഷ ചെലവ് ഏകദേശം 4 ബില്യൺ പൗണ്ടോളം വരും

അതുകൊണ്ടുതന്നെ അത്തരത്തിലുള്ള ഒരു പദ്ധതി പ്രായോഗികമല്ല എന്നുമാത്രമല്ല, ഇത്തരത്തിലുള്ള ഒരു പദ്ധതിയിലൂടെ കോവിഡിനെ തുരത്താമെന്നത് കേവലം സ്വപ്നം മാത്രമാണുതാനും. അതേസമയം, എല്ലാ വകഭേദങ്ങളേയും നേരിടാൻ പ്രാപ്തമായ വാക്സിൻ വിപണിയിലിറങ്ങാൻ ഇനിയും കുറഞ്ഞത് ഒന്നരവർഷം കൂടി കാത്തിരിക്കേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. അതായത്, ഈ മഹാമാരിയുടെ പിടിയിൽ നിന്നും പൂർണ്ണമായി മുക്തനാവണമെങ്കിൽ, കുറഞ്ഞത് ഒന്നരവർഷം കൂടി എടുക്കുമെന്ന് ചുരുക്കം.

2023 മദ്ധ്യത്തോടേ പുതിയ വാക്സിൻ വിപണിയിലെത്തുമെന്നാണ് പൊതുവെ വിശ്വസിക്കപ്പെടുന്നത്. അതുവരെ ഓമിക്രോണും ഡെൽറ്റവും ഈ ഭൂമുഖത്ത് കൂടിയും കുറഞ്ഞും തരംഗങ്ങൾ ഉണ്ടാക്കി കളിക്കുമെന്നാണ് റൊണാൾഡ് ഫ്രാങ്ക്ലിൻ ഇൻസ്റ്റിറ്റിയുട്ട് ഡയറക്ടർ പ്രൊഫസർ ജെയിംസ് നൈസ്മിത്ത് പറയുന്നത്. അതിനിടയിൽ പുതിയൊരു വകഭേദം വന്ന് കൂടുതൽ ഭീഷണി ഉയർത്താനും സാധ്യതയുണ്ട്. ഡെൽറ്റ വകഭേദത്തെ ചെറുക്കാനുള്ള വാക്സിൻ ഒരുപക്ഷെ ഓമിക്രോണിനെതിരെ ഫലപ്രദമാകില്ല. അതുപോലെ ഓമിക്രോണിനെതിരെ നിർമ്മിക്കുന്ന വാക്സിൻ ഡെൽറ്റക്കെതിരെയും അത്ര കാര്യക്ഷമതയോടെ പ്രവർത്തിക്കണമെന്നില്ല.

അതുകൊണ്ടു തന്നെ വൈവിധ്യമാർന്ന വകഭേദങ്ങൾക്ക് നേരെ പൊരുതുന്ന വാക്സിൻ തന്നെയാണ് അവശ്യം. അതുവരുന്നതുവരെ കോവിഡിൽ നിന്നും മുക്തി നേടുക അസാദ്ധ്യമാണെന്നും അദ്ദേഹം പറയുന്നു.