- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ശ്രീദേവ് എസ് മീനടം :ലോകം ഉറ്റുനോക്കുന്ന സാഹിത്യപ്രതിഭ ;പുരസ്‌കാരം എത്തിയത് അർഹിക്കുന്ന കരങ്ങളിൽ

അർഹതയ്ക്കുള്ള അംഗീകാരം കൃത്യ സമയത്ത് അർഹിക്കുന്ന കരങ്ങളിൽ തന്നെ ചെന്നെത്തുമ്പോഴാണ് ആ ആദരവ് കൂടുതൽ മഹത്വ പൂർണമാകുന്നത്. വിധിയുടെ ക്രൂരത ഉയർത്തിയ കനത്ത വെല്ലുവിളികളെ അവസരങ്ങളാക്കി മാറ്റുക എന്ന സന്ദേശം ജീവിതത്തിലൂടെ ലോകത്തോട് വിളിച്ചു പറയുന്ന 17കാരനായ ശ്രീദേവ് എസ്. മീനടം ഇപ്പോൾ താരമായിരിക്കുന്നതും ആദരവിന്റെ മേൽപ്പട്ട ത്തിലൂടെയാണ് . മലയാള സാഹിത്യ പ്രതിഭകളെ പുരസ്‌കാര സമർപ്പണത്തിലൂടെ ആദരിക്കുന്ന സമാനതകളില്ലാത്ത വേദിയായിരുന്നു തിരുവനന്തപുരത്ത് നടന്ന ഇൻഡിവുഡ് ഭാഷാസാഹിത്യ പുരസ്‌കാര (മലയാളം) ചടങ്ങ്. പുരസ്‌കാര സമിതിയും വിധികർത്താക്കളും കൂടിയാലോചിച്ച് പ്രോത്സാഹന സമ്മാനങ്ങളും പ്രത്യേക പരാമർശങ്ങളും സമർപ്പിച്ചിരുന്നു. ഇതിൽ ഏറെ ശ്രദ്ധേയനായ കൊച്ചുമിടുക്കനാണ് അക്ഷര നഗരിയിൽ നിന്നും അനന്തപുരിയിൽ എത്തി പുരസ്‌കാര വേദിയായ ഏരീസ് പ്ലക്‌സ് തീയറ്ററിൽ ആദരവ് ഏറ്റു വാങ്ങിയ ശ്രീദേവ് എസ്. മീനടം.
പേര് വിളിച്ചപ്പോൾ തന്നെ കരഘോഷത്തോടെയാണ് സദസ്സ് ആ പ്രതിഭയെ എതിരേറ്റത്. പുരസ്‌കാര സമിതിക്കുള്ള ഒരു സല്യൂട്ട് കൂടിയായിരുന്നു ആ കയ്യടി . ഇക്കുറി 'യുവവനം' എന്ന നോവലാണ് ഇൻഡീവുഡ് ഭാഷാസാഹിത്യ പ്രത്യേക പുരസ്‌കാരത്തിനായി തെരഞ്ഞെടുത്തത്. കോട്ടയം മീനടം ശ്രീമംഗലത്ത് വീട്ടിൽ പി.ആർ. സുഗതന്റെയും പുഷ്പയുടെയും മകനാണ് ജന്മ വൈകല്യങ്ങളെ സർഗ്ഗ പ്രതിഭകൊണ്ട് മറികടന്ന പുത്തൻ തലമുറയിലെ ഈ കുഞ്ഞ് സാഹിത്യപ്രതിഭ. പത്താം ക്ലാസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് , ഇതിനിടയിൽ 9 നോവലുകളാണ് ശ്രീദേവ് എഴുതിയിട്ടുള്ളത്. ഒമ്പതാമത്തെ നോവൽ തലസ്ഥാനത്തെ പുരസ്‌കാര വേദിയിൽ സംസ്ഥാന തലത്തിലെ സർഗ്ഗ പ്രതിഭകളെ സാക്ഷിനിർത്തി പ്രകാശനം ചെയ്തു. അതൊരു ചരിത്രമുഹൂർത്തം ആയിരുന്നു. സംസ്ഥാന സർക്കാരിന്റെ ബാല പുരസ്‌കാരം, ബാല പ്രതിഭാ പുരസ്‌ക്കാരം, കുഞ്ഞുണ്ണി മാഷ്, ഉജ്ജ്വലബാല്യം,
ബാലസാഹിത്യം തുടങ്ങിയ പുരസ്‌കാരങ്ങളുടെ നീണ്ട പട്ടികയാണ് ഇന്ന് ശ്രീദേവിന്റെ ബാലൻസ് ഷീറ്റിൽ ഉള്ളത്. എഴുത്തിലെ തുടക്കക്കാരനായ ഈ യുവ സാഹിത്യകാരനെ മലയാളി സമൂഹം ഏറെ പ്രതീക്ഷയോടെയാണ് ഉറ്റുനോക്കുന്നത്. പരാതികളോ പരിഭവങ്ങളോ പറയുവാനോ ചിന്തിക്കുവാനോ നിൽക്കാതെ തനിക്ക് ലഭിച്ച കഴിവിനെ തേച്ചുമിനുക്കിയ വജ്രായുധമാക്കി സാഹിത്യരചനയിലൂടെ കടുത്ത മത്സരങ്ങളുടെ ഈ ലോകത്ത് ശക്തമായ കൈയൊപ്പ് ചാർത്തിയിരിക്കുകയാണ് ശ്രീദേവ്. ലോക സാഹിത്യരംഗത്തു തന്നെ ശ്രീദേവ് എസ്.മീനടം ഒരു പാഠപുസ്തകമായി മാറാൻ പോവുകയാണ്. ഇൻഡീ വുഡ്ഭാഷാ സാഹിത്യ പുരസ്‌കാരവും ഈ പ്ലസ് വൺ വിദ്യാർത്ഥിക്ക് കൂടുതൽ സാഹിത്യ രചനകൾ നടത്തുന്നതിന് കൂടുതൽ ഊർജ്ജവും കരുത്തും ആത്മവിശ്വാസവും വർധിപ്പിക്കുമെന്ന് ''ഇൻഡീവുഡ് സ്ഥാപക ചെയർമാനും കവിയും സംവിധായകനുമായ ഡോ. സോഹൻ റോയ് പറഞ്ഞു.

