ദോഹ: അടുത്തിടെ പാർലമെന്റിൽ പാസ്സാക്കിയ തിരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ 2021 ഉടൻ പിൻവലിക്കണമെന്ന് ഖത്തർ ഇന്ത്യൻ സോഷ്യൽ ഫോറം കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെട്ടു. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ് ഒരു വോട്ടർ പട്ടിക എന്ന ആശയത്തിന്മേൽ കൊണ്ടുവരപ്പെട്ട ഈ നിയമം രാജ്യത്തെ മുഴുവൻ വോട്ടർമാർക്കും എവിടെ നിന്നും വോട്ട് ചെയ്യാനാകുമെന്നും, ആധാറും വോട്ടർ ലിസ്റ്റും പരസ്പരം ബന്ധിപ്പിക്കുന്നതിനാൽ വ്യാജ വോട്ടുകൾ തടയാൻ സഹായിക്കുമെന്നും അവകാശപ്പെടുന്നുണ്ടെങ്കിലും ഇത് വലിയ തോതിൽ ദുരുപയോഗം ചെയ്യപ്പെടാൻ സാധ്യത ഏറെയാണ്. ഇതിനകം തന്നെ ആധാർ നിയമങ്ങൾ ലംഘിക്കപ്പെട്ടതായുള്ള വാർത്തകൾ പുറത്തുവന്നിട്ടുണ്ട്.

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷനുകൾ അതാത് സംസ്ഥാനത്തെ വോട്ടർ പട്ടിക കൃത്യമായ കാലയളവിൽ പരിഷ്‌കരിക്കുന്നുണ്ട്. അത് വ്യവസ്ഥാപിതമായി നടപ്പിലാക്കിയാൽ തന്നെ വ്യാജ വോട്ടുകൾ തടയാൻ സാധിക്കും എന്നിരിക്കെ അത്തരമൊരു ലക്ഷ്യത്തിനു വേണ്ടി ആധാറും വോട്ടർ പട്ടികയും ബന്ധിപ്പിക്കേണ്ട ആവശ്യം വരുന്നില്ല. ഇത് കേന്ദ്ര സർക്കാരിന്റെ കൃത്യമായ ചില അജണ്ടയുടെ ഭാഗമാണെന്നും സോഷ്യൽ ഫോറം കുറ്റപ്പെടുത്തി.

ക്ഷേമ പ്രവർത്തനങ്ങൾക്ക് വേണ്ടി മാത്രമാണ് ആധാർ ഉപയോഗിക്കേണ്ടതുള്ളൂ എന്ന 2015 ലെ സുപ്രീം കോടതിവിധിക്ക് എതിരാണ് ഈ നിയമം. അത് രഹസ്യ ബാലറ്റ് എന്ന തത്വത്തിനെതിരും പൗരന്റെ സ്വകാര്യതയ്ക്കും സുരക്ഷയ്ക്കും ഭീഷണിയുമായിത്തീരും. ഇതുവഴി പൗരന്മാർക്കിടയിൽ വേർതിരിവ് കാണിക്കാനും തങ്ങൾക്ക് അനുകൂലമായി വോട്ട് ചെയ്തവരെയും എതിർത്ത് വോട്ട് ചെയ്തവരെയും തിരിച്ചറിയുക വഴി പൗരന്മാരിൽ വിഭാഗീയത സൃഷ്ടിക്കാൻ ഉതകുമെന്നും സോഷ്യൽ ഫോറം വ്യക്തമാക്കി.

ഈ നിയമം പ്രാബല്യത്തിൽ വന്നാൽ രാജ്യത്തെ നിരക്ഷരനായ ജനവിഭാഗങ്ങളിലേക്ക് ഇത് എത്താതിരിക്കുകയും രാജ്യത്തെ വലിയ ഒരു വിഭാഗത്തെ തന്നെ ജനാധിപത്യ പ്രക്രിയയിൽ നിന്ന് പുറത്താക്കാനും അതുവഴി തിരഞ്ഞെടുപ്പിൽ പങ്കാളികളാകാനുള്ള പൗരന്റെ അവകാശം ഹനിക്കപ്പെടുകയും ചെയ്യുമെന്ന് സോഷ്യൽ ഫോറം പ്രസ്താവനയിൽ പറഞ്ഞു.