ഭോപ്പാൽ: അഴിമതിയാരോപണങ്ങൾ ഗുരുതരമാവണമെങ്കിൽ 15 ലക്ഷത്തിലധികം ആവണമെന്ന ബിജെപി നേതാവിന്റെ പ്രസ്താവന വിവാദമാവുന്നു. മധ്യപ്രദേശിലെ റേവ ജില്ലയിൽ നിന്നുള്ള എംപിയായ ജനാർദ്ധൻ മിശ്രയുടെ പ്രസ്താവനയാണ് വിവാദം ക്ഷണിച്ച് വരുത്തിയത്. പൊതുചടങ്ങിലായിരുന്നു അഴിമതിയെ നിസാര വത്കരിച്ചുകൊണ്ടുള്ള പരാമർശം ഉണ്ടായത്. ഇതിന്റെ വീഡിയോ ദൃശ്യങ്ങളും വ്യാപകമായി പ്രചരിക്കുന്നുണ്ട്.

പ്രതിസന്ധികൾ നേരിടുന്നതിൽ മാധ്യമങ്ങളുടെ പങ്ക് എന്ന സെമിനാറിൽ സംസാരിക്കുകയായിരുന്നു ജനാർദ്ധൻ മിശ്ര. ഇതിനിടെ ഗ്രാമ മുഖ്യന്മാരുടെ ഇടപെടലുകളിൽ ആക്ഷേപം ഉണ്ടെന്ന പരാമർശത്തോടെയായിരുന്നു വിവാദ പ്രസ്താവനകൾ.

സർപഞ്ചുമാരുടെ അഴിമതിയുമായി ബന്ധപ്പെട്ട ആരോപണങ്ങളുമായി നിരവധി പേർ തന്റെ അടുക്കൽ വരുന്നുണ്ട്. എന്നാൽ ആരോപണങ്ങൾ 15 ലക്ഷത്തിലധികം വരുന്നതാണ് എങ്കിൽ മാത്രം തന്നോട് പറഞ്ഞാൽ മതിയെന്നാണ് താൻ അവരോടെ തമാശയായി പറയാറ്. കാരണം 'തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് ആദ്യം 7 ലക്ഷം രൂപ, അടുത്ത തിരഞ്ഞെടുപ്പിന് അടുത്ത 7 ലക്ഷം രൂപ, വർദ്ധിച്ചുവരുന്ന പണപ്പെരുപ്പം കണക്കിലെടുത്ത് ഒരു ലക്ഷം രൂപ അധികമായി വരും'. എന്നും എംപി പറയുന്നു.