പട്‌ന: ബിഹാറിൽ നിതീഷ് കുമാർ സർക്കാരിനുള്ള പിന്തുണ പിൻവലിച്ചു താഴെയിറക്കുമെന്നു ജിതൻ റാം മാഞ്ചിയുടെ ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ ഭീഷണി. എൻഡിഎ സഖ്യകക്ഷികളായ ബിജെപിയുടെയും ഹിന്ദുസ്ഥാനി അവാം മോർച്ചയുടെയും നേതാക്കൾ തമ്മിൽ രൂക്ഷമായ വാക്‌പോരു തുടരുന്ന പശ്ചാത്തലത്തിലാണു പിന്തുണ പിൻവലിക്കുമെന്ന ഭീഷണി.

ബ്രാഹ്‌മണരെ കുറിച്ചു ജിതൻ റാം മാഞ്ചി നടത്തിയ ചില അവഹേളനപരമായ പരാമർശങ്ങളെ തുടർന്നാണ് ബിജെപി ഇടഞ്ഞത്. ഹിന്ദുസ്ഥാനി അവാം മോർച്ചയുടെ നാല് എംഎൽഎമാർ പിന്തുണ പിൻവലിച്ചാൽ സ്വാഭാവികമായും സർക്കാർ നിലംപതിക്കുമെന്നു പാർട്ടി വക്താവ് ഡാനിഷ് റിസ്വാൻ അവകാശപ്പെട്ടു.

ബ്രാഹ്‌മണർക്കെതിരായ മാഞ്ചിയുടെ പരാമർശങ്ങൾ പ്രായാധിക്യത്തിന്റെ സൂചനയാണെന്നു ബിജെപി മന്ത്രി നീരജ് കുമാർ സിങ് പരിഹസിച്ചിരുന്നു. മന്ത്രിയായ മകൻ സന്തോഷ് കുമാർ സുമന്റെ ഭാവിക്കു വേണ്ടി രാമ രാമ ജപിച്ചു ശിഷ്ടകാലം ചെലവഴിക്കുന്നതാണു നല്ലെതെന്നു നീരജ് കുമാർ മാഞ്ചിയെ ഉപദേശിച്ചു.

ഹിന്ദുസ്ഥാൻ അവാം മോർച്ചയുടെ പിന്തുണ നഷ്ടപ്പെട്ടാൽ നീരജ് കുമാർ മന്ത്രിസ്ഥാനം നഷ്ടപ്പെട്ടു തെരുവിലാകുമെന്ന കാര്യം മറക്കരുതെന്നു ഡാനിഷ് റിസ്വാൻ തിരിച്ചടിച്ചു.