- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകം; നഷ്ടമായത് സഹോദരനെ; യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടും; രഞ്ജിത് ശ്രീനിവാസന്റെ വീട് സന്ദർശിച്ച് ഖുശ്‌ബു
ആലപ്പുഴ: ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത് ശ്രീനിവാസനെ കൊലപ്പെടുത്തിയത് കൃത്യമായ ആസൂത്രണത്തോടെയെന്ന് ബിജെപി ദേശീയ നിർവാഹക സമിതി അംഗവും സിനിമാ താരവുമായ ഖുശ്‌ബു. രഞ്ജിത്തിന്റെ വീട് സന്ദർശിച്ച ശേഷമായിരുന്നു പ്രതികരണം. കേസിലെ യഥാർത്ഥ കുറ്റവാളികളെ കണ്ടെത്തുന്നത് വരെ പോരാടുമെന്നും ബിജെപി നേതാവ് അറിയിച്ചു.
കൊല്ലപ്പെട്ട രഞ്ജിത്തിന്റെ പേരിൽ ഒരു സ്റ്റേഷനിലും ഒരു കേസോ പരാതിയോ ഇല്ല. കൃത്യമായി ആസൂത്രണം ചെയ്തത് നടപ്പിലാക്കിയ കൊലപാതകമാണ്. കേസിലെ എല്ലാ പ്രതികളെയും ഉടൻ പിടികൂടണമെന്നും ഖുശ്‌ബു ആവശ്യപ്പെട്ടു. ഇത്തരം സംഭവങ്ങൾ ഇനി ആവർത്തിക്കില്ലെന്ന് കേരളാ മുഖ്യമന്ത്രി ഉറപ്പ് നൽകണമെന്നും ഖുശ്‌ബു ആവശ്യപ്പെട്ടു.
ബിജെപിക്ക് വേണ്ടി രാവും പകലും കഷ്ടപ്പെട്ടിരുന്ന നേതാവ് രഞ്ജിത്തിനെ ആസൂത്രണം ചെയ്താണ് കൊലപ്പെടുത്തിയത്. ഇതിന് പിന്നിൽ ആരാണ് പ്രവർത്തിക്കുന്നത് എന്ന് എല്ലാവർക്കുമറിയാം. എന്നാൽ കേരള സർക്കാർ ഇതിനെതിരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ല. രഞ്ജിത്തിന്റെ പേരിൽ ഇതുവരെ ഒരു കേസോ പരാതിയോ ഇല്ല. നഷ്ടമായത് തന്റെ സഹോദരനെയാണെന്നും ഖുശ്‌ബു പറഞ്ഞു.
പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ രഞ്ജിത്തിന്റെ വീടിന് സമീപത്താണ് ഉള്ളത്. കൊലപാതകം നടന്നപ്പോൾ തന്നെ എല്ലാ എക്സിറ്റ് പോയിന്റുകളും അടച്ച് പൊലീസിന് അന്വേഷണം നടത്താൻ അവസരം ലഭിച്ചിരുന്നു. എന്നാൽ എല്ലാ അതിർത്തികളും തുറന്നുകൊടുത്തുകൊണ്ട് പ്രതികൾക്ക് രക്ഷപ്പെടാൻ വഴിയൊരുക്കുകയാണ് പൊലീസ് ചെയ്തത് എന്ന് ഖുശ്‌ബു കുറ്റപ്പെടുത്തി.
കേരളത്തിലെ അഭിഭാഷകരുടേയും പൊലീസ് ഉദ്യോഗസ്ഥരുടേയും അവസ്ഥ ഇതാണെങ്കിൽ സാധാരണക്കാരായ ജനങ്ങളുടെ അവസ്ഥ എന്തായിരിക്കുമെന്ന് ഖുശ്‌ബു ചോദിച്ചു. കഴിഞ്ഞ മൂന്ന് മാസത്തിനിടെ കൊലപാതകങ്ങൾ വർദ്ധിച്ചിരിക്കുകയാണ്. രണ്ടാമത്തെ തവണയും പിണറായി വിജയൻ മുഖ്യമന്ത്രിയായി അധികാരത്തിലേറിയിരിക്കുകയാണ്. സംസ്ഥാനത്ത് ഇത്തരം അക്രമങ്ങൾ നടക്കുമ്പോൾ താങ്കൾ അവിടെ എന്താണ് ചെയ്യുന്നത് എന്ന് ഖുശ്‌ബു മുഖ്യമന്ത്രിയോട് ചോദിച്ചു. ഈ കൊലപാതകങ്ങൾക്കെല്ലാം പിന്നിൽ പ്രവർത്തിക്കുന്നത് ആരാണെന്ന് പിണറായി വിജയന് അറിയാം. എന്നിട്ടും ഒരു നടപടിയും സ്വീകരിച്ചിട്ടില്ല.
രാഷ്ട്രീയം ഉണ്ടാകാം എന്നാൽ അതിന് പിന്നിൽ ജാതിയും മതവുമുണ്ടാകാൻ പാടില്ല. രാഷ്ട്രീയ പാർട്ടികൾ തമ്മിൽ നടക്കുന്ന അക്രമങ്ങളും കൊലപാതകങ്ങളും ജനങ്ങൾക്കും പാർട്ടികൾക്കും നാടിനും നല്ലതല്ല. ഇത്തരം വിഷയങ്ങളിൽ പ്രതികരിക്കാതിരിക്കുന്നത് മുഖ്യമന്ത്രിയുടെ സ്ഥാനത്തിന് ചേർന്നതല്ല. ഇത്തരം സംഭവങ്ങൾ കേരളത്തിൽ ഇനി നടക്കില്ലെന്ന് മുഖ്യമന്ത്രിക്ക് ഉറപ്പുനൽകാൻ സാധിക്കുമോ എന്നും ഖുശ്‌ബു ചോദിച്ചു.
അതേ സമയം രൺജീത്തുകൊലക്കേസിൽ കൃത്യത്തിൽ നേരിട്ട് പങ്കെടുത്ത രണ്ട് എസ്ഡിപിഐ പ്രവർത്തകരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. പൊലീസ് കസ്റ്റഡിയിലായിരുന്ന ആലപ്പുഴ വെള്ളക്കിണർ സ്വദേശികളായ അനൂപ് അഷ്‌റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഇവരുടെ കൂട്ടുപ്രതികൾക്കായി അന്വേഷണം ഊർജ്ജിതമാണ്. ആലപ്പുഴ വെള്ളക്കിണർ സ്വദേശിയായ അനൂപ് അഷ്‌റഫിനെ ബംഗളൂരുവിൽ നിന്നാണ് പൊലീസ് പിടികൂടിയത്. സംസ്ഥാനത്തിന് പുറത്തുനടത്തിയ വ്യാപക തെരച്ചിലിനൊടുവിലാണ് മുഖ്യപ്രതികളിൽ ഒരാളായ ഇയാളെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ബൈക്കിലെത്തിയ 12 അംഗം സംഘത്തിൽ ഉൾപ്പെട്ടയാളാണിത്.
അന്വേഷണസംഘം ഇതര സംസ്ഥാനങ്ങളിലെ എസ്ഡിപിഐ ശക്തി കേന്ദ്രങ്ങളിൽ അന്വേഷണം തുടരുകയാണ്. പന്ത്രണ്ടംഗ കൊലയാളി സംഘമാണ് ബിജെപി നേതാവ് രൺജീത്ത് ശ്രീനിവാസനെ കൊലപ്പെടുത്താൻ എത്തിയതെന്ന് സിസിടിവി ദൃശ്യങ്ങളിൽനിന്ന് വ്യക്തമായിരുന്നു. പ്രഭാതസവാരിക്കായി വീട്ടിൽ നിന്നും ഇറങ്ങാനിരിക്കെയാണ് ഒരു സംഘമെത്തി രഞ്ജിത്തിനെ വെട്ടികൊലപ്പെടുത്തിയത്.
മറുനാടന് മലയാളി ബ്യൂറോ