- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പ്രതിഷേധ പ്രകടനത്തിനിടെ വഴിയരികിൽ നിന്ന ഭിന്നശേഷിക്കാരനെ ആക്രമിച്ചു; നാല് എസ്ഡിപിഐ പ്രവർത്തകർ അറസ്റ്റിൽ
കൽപ്പറ്റ: വയനാട്ടിൽ എസ്.ഡി.പി.ഐ നടത്തിയ പ്രതിഷേധ പ്രകടനത്തിനിടെ വഴിയരികിൽ നിന്ന ഭിന്നശേഷിക്കാരനെ മർദ്ദിച്ച കേസിൽ നാല് പ്രവർത്തകരെ പൊലീസ് അറസ്റ്റു ചെയ്തു. മക്കിയാട് പന്ത്രണ്ടാംമൈൽ സ്വദേശികളായ ചെറിയാണ്ടി ഇബ്രാഹിം (43), ചെറിയാണ്ടി ജാഫർ (43) എടവക താന്നിയാട് താഴത്തുവീട്ടിൽ സൈനുദ്ദീൻ (32), അഞ്ചുകുന്ന് കാരക്കാമല കല്ലൻകണ്ടി യൂനസ് (30) എന്നിവരെയാണ് മാനന്തവാടി പൊലീസ് അറസ്റ്റ് ചെയ്തത്.
ബസ് സ്റ്റാൻഡിന് സമീപം താമസിക്കുന്ന പാത്തിവയൽ സുഭാഷിന് (42)ആണ് കഴിഞ്ഞ 19-ന് മർദനമേനമേറ്റത്. വീഡിയോകോളിൽ വീട്ടുകാരുമായി സംസാരിക്കുന്നതിനിടെ എസ്.ഡി.പി.ഐ.യുടെ പ്രകടനം ഇതുവഴി കടന്നുപോവുകയും പ്രവർത്തകർ തന്നെ മർദിക്കുകയും ചെയ്തെന്നാണ് സുഭാഷിന്റെ പരാതി. പ്രകടനത്തിന്റെ വീഡിയോ പകർത്തുന്നുവെന്ന് തെറ്റിദ്ധരിച്ചായിരുന്നു മർദ്ദനം. അതേ സമയം മർദിച്ചവരെക്കുറിച്ച് ആദ്യം സൂചനകളൊന്നും ലഭിച്ചിരുന്നില്ല. പിന്നീട് ടൗണിലെ സ്ഥാപനങ്ങളിലെ സി.സി.ടി.വിയിൽ നിന്ന് പ്രകടനത്തിന്റെ ദൃശ്യങ്ങൾ എടുത്ത് പരിശോധിച്ചതിന് ശേഷമാണ് അറസ്റ്റ്.
കോടതിയിൽ ഹാജരാക്കിയ പ്രതികളുടെ പേരിൽ ഭിന്നശേഷി അവകാശസംരക്ഷണ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത്. പരാതിക്കാരനായ സുഭാഷ് പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ട്. ആലപ്പുഴയിൽ എസ്.ഡി.പി.ഐ നേതാവിന്റെ കൊലപാതകവുമായി ബന്ധപ്പെട്ടായിരുന്നു പത്തൊൻപതാം തീയതി നടന്ന പ്രതിഷേധപ്രകടനം. മാനന്തവാടി ഇൻസ്പെക്ടർ എം.എം. അബ്ദുൾകരീം, എസ്‌ഐ. ബിജു ആന്റണി എന്നിവരുടെ നേതൃത്വത്തിലായിരുന്നു അന്വേഷണം.
മറുനാടന് മലയാളി ബ്യൂറോ