- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
സംസ്ഥാനത്തെ ആരാധനാലയങ്ങളിലും നിയന്ത്രണം; രാത്രി പത്തിന് ശേഷം ചടങ്ങുകൾ അനുവദിക്കില്ല
തിരുവനന്തപുരം: ഓമിക്രോൺ വ്യാപനത്തിൽ ആശങ്ക ഉയരുന്നതിനിടെ സംസ്ഥാനത്ത് ദേവാലയങ്ങളിലും രാത്രികാല നിയന്ത്രണം. വ്യാഴാഴ്ച മുതൽ നൈറ്റ് കർഫ്യു നടപ്പിലാക്കുന്ന സാഹചര്യത്തിലാണ് ദേവാലയങ്ങളിലും നിയന്ത്രണം ഏർപ്പെടുത്തുന്നത്. ദേവാലയങ്ങളിൽ പുതുവർഷവുമായി ബന്ധപ്പെട്ട് നടക്കുന്ന ചടങ്ങുകൾക്കാണ് നിയന്ത്രണം. രാത്രി പത്തിന് ശേഷം ചടങ്ങുകൾക്ക് അനുമതിയില്ല.
ആൾക്കൂട്ടം ചേർന്നുള്ള പുതുവൽസരാഘോഷങ്ങൾ തടയുക ലക്ഷ്യമിട്ടാണ് തീരുമാനം. നിയന്ത്രണം നീട്ടണമോ എന്നതിൽ പിന്നീട് തീരുമാനമെടുക്കും. മാസ്‌ക് അടക്കമുള്ള കോവിഡ് മാനദണ്ഡങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെടുക്കാനും തീരുമാനിച്ചിട്ടുണ്ട്.
ഓമിക്രോൺ വ്യാപനം കണക്കിലെടുത്ത് നിയന്ത്രണങ്ങൾ കർക്കശമാക്കാൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിരുന്നു. കർണാടക അടക്കമുള്ള സംസ്ഥാനങ്ങൾ രാത്രികാല നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
രാത്രികാല നിയന്ത്രണം പ്രഖ്യാപിച്ചിരിക്കുന്ന വ്യാഴാഴ്ച മുതൽ ഞായറാഴ്ച വരെയുള്ള ദിവസങ്ങളിൽ തിയറ്ററുകളിൽ സെക്കൻഡ് ഷോ ഉണ്ടാവില്ല. രാത്രി 10 മുതൽ പുലർച്ചെ അഞ്ചു വരെയാണ് കർഫ്യു. കടകൾ 10 മണിക്ക് അടയ്ക്കണം. ആൾക്കൂട്ടവും അനാവശ്യ യാത്രയും അനുവദിക്കില്ല. പൊലീസിന്റെ പരിശോധന കർശനമാക്കാനും നിർദ്ദേശം നൽകിയിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ