കൊച്ചി: പരമാവധി ആളുകൾക്ക് പട്ടയം ലഭ്യമാക്കാനാണ് സംസ്ഥാന സർക്കാർ ലക്ഷ്യമിടുന്നതെന്നു ജില്ലയുടെ ചുമതലയുള്ള വ്യവസായമന്ത്രി പി രാജീവ് പറഞ്ഞു. കണയന്നൂർ, പറവൂർ താലൂക്കുകളിലെ പട്ടയപ്രശ്നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട് പത്തടിപ്പാലം പിഡബ്ല്യൂഡി റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി.

ലഭിച്ച അപേക്ഷകളിൽ നിന്നു നൽകാൻ കഴിയുന്നിടത്തോളം പട്ടയങ്ങൾ നൽകും. രണ്ടു താലൂക്കുകളിലേയും പുഴപുറമ്പോക്ക്, റെയിൽവേയുമായി ബന്ധപ്പെട്ട അപേക്ഷകളിൽ സർക്കാർ തലത്തിൽ ആലോചിക്കേണ്ടതുണ്ട്. മറ്റ് അപേക്ഷകളിൽ ഉദ്യോഗസ്ഥതലത്തിൽ നടപടികൾ എടുക്കുവാൻ മന്ത്രി നിർദേശിച്ചു. ഒരു ചർച്ചകൂടി നടത്തി പട്ടയമേള സംഘടിപ്പിച്ച് പരമാവധി പേർക്ക് പട്ടയങ്ങൾ നൽകുമെന്നും മന്ത്രി പറഞ്ഞു.

യോഗത്തിൽ ടി ജെ വിനോദ് എംഎൽഎ, ഡെപ്യൂട്ടി കലക്ടർമാരായ പി ബി സുനിലാൽ, സന്ധ്യാ ദേവി, കണയന്നൂർ തഹസിൽദാർ രഞ്ജിത് ജോർജ്, പറവൂർ തഹസിദാർ ജി വിനോദ്കുമാർ, കണയന്നൂർ, പറവൂർ താലൂക്ക് പരിധിയിലെ തദ്ദേശസ്ഥാപനങ്ങളിലെ ജനപ്രതിനിധികൾ, വില്ലേജ് ഓഫീസർമാർ തുടങ്ങിയവർ പങ്കെടുത്തു.