- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
- Home
- /
കണ്ണൂർ വി സി നിയമന വിവാദം: സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും ഗവർണർ; കോടതി അയച്ച നോട്ടീസ് കൈപ്പറ്റിയില്ല; സർക്കാരിന് കൈമാറാൻ നിർദ്ദേശം; ചാൻസലർ സ്ഥാനം ഒഴിയുമെന്ന നിലപാടിൽ ഉറച്ച് ആരിഫ് മുഹമ്മദ് ഖാൻ
തിരുവനന്തപുരം: കണ്ണൂർ വി സി നിയമന വിവാദത്തിൽ സർക്കാരിനെ വീണ്ടും പ്രതിരോധത്തിലാക്കി ഗവർണർ. കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ നിയമനത്തെ ചോദ്യം ചെയ്തുകൊണ്ടുള്ള ഹർജിയിൽ കോടതി അയച്ച നോട്ടീസ് കൈപ്പറ്റാൻ ഗവർണർ തയ്യാറായില്ല. നോട്ടീസ് സർക്കാരിന് കൈമാറാൻ ഗവർണർ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഹൈക്കോടതി നോട്ടീസ് സർവകലാശാല ചാൻസലർക്കാണെന്നും എട്ടാം തീയതി മുതൽ താൻ ചാൻസലർ അല്ലെന്നും ഗവർണർ ആരിഫ് ഖാൻ വ്യക്തമാക്കി. നോട്ടീസിൽ സർക്കാർ തന്നെ തീരുമാനം എടുക്കട്ടെയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേസിൽ ജനുവരി 12 നാണ് കോടതി വാദം കേൾക്കുന്നത്.
വൈസ് ചാൻസലർ നിയമനം ചോദ്യം ചെയ്തുള്ള ഹർജിയിൽ ഗവർണർക്ക് ഹൈക്കോടതി ഇന്നലെ നോട്ടീസ് അയച്ചു. പ്രത്യേക ദൂതൻ മുഖേനയാണ് നോട്ടീസ് നൽകിയത്. രാജ് ഭവൻ ഓഫീസ് നോട്ടീസ് കൈപ്പറ്റിക്കൊണ്ടുള്ള രേഖ ഹൈക്കോടതിക്ക് കൈമാറിയിരുന്നു.
ഗവർണർക്ക് വേണ്ടി അഡ്വക്കറ്റ് ജനറൽ ഹാജരാവില്ലെന്ന് നേരത്തെ തന്നെ അറിയിച്ചിരുന്നു. സർവകലാശാലകളിൽ രാഷ്ട്രീയ അതിപ്രസരമാണെന്നും അതുകൊണ്ട് ചാൻസലർ പദവിയിൽ തുടരാൻ താത്പര്യമില്ലെന്നും കാട്ടി ഗവർണർ സർക്കാരിന് കത്തയച്ചിരുന്നു. എന്നാൽ ചാൻസലർ പദവി മുഖ്യമന്ത്രി ഏറ്റെടുക്കണമെന്ന് ഗവർണർ ആവശ്യപ്പെടുന്നതിന് പിന്നിൽ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നായിരുന്നു ഇടതുപക്ഷത്തിന്റെ നിലപാട്. എന്നാൽ ഗവർണറുമായി പരസ്യപ്പോരിന് സംസ്ഥാന സർക്കാർ തയ്യാറല്ല. ഇത് മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താസമ്മേളനത്തിൽ വ്യക്തമാക്കിയിരുന്നു.
ഗവർണറെ അനുനയിപ്പിക്കാനുള്ള നീക്കങ്ങൾ സർക്കാരിന്റെ ഭാഗത്തു നിന്നുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്. കണ്ണൂർ വി സി നിയമനത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടായി ,ചട്ടങ്ങൾ അട്ടിമറിക്കപ്പെട്ടു ,അതിനാൽ ചാൻസലർ സ്ഥാനം ഒഴിയുന്നു എന്നാണ് ഗവർണർ മുഖ്യമന്ത്രിയെ കത്തിലൂടെ അറിയിച്ചത്. ഈ കത്ത് പുറത്തുവന്നതോടെ ഗവർണർ ഇക്കാര്യങ്ങൾ പരസ്യമായി പറയുന്ന സാഹചര്യം വരികയായിരുന്നു. സർവകലാശാല ഭരണത്തിൽ രാഷ്ട്രീയ ഇടപെടലുണ്ടാക്കില്ലെന്ന് സർക്കാർ ഉറപ്പു നൽകിയാലെ ചാൻസലർ പദവി തുടർന്നും വഹിക്കൂ എന്നാണ് ഗവർണരുടെ നിലപാട്.
വി സി നിയമനത്തിലെ രാഷ്ട്രീയ ഇടപെടലിന് തെളിവായി ഉന്നത വിദ്യാഭ്യസ മന്ത്രി ആർ.ബിന്ദു എഴുതിയ കത്തുകളും പുറത്തുവന്നു. ഇപ്പോൾ വി സി നിയമനം സംബന്ധിച്ച കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഗവർണരെ അനുനയിപ്പിക്കാൻ സർക്കാർ വീണ്ടും ശ്രമിക്കും മുഖ്യമന്ത്രി ഗവർണരെ കണ്ട് കാര്യങ്ങൾ വിശദീകരിക്കുമോ എന്നാണ് ഇനി കാണേണ്ടത്. കോടതിയിൽ ഗവർണരും സർക്കാരും നേർക്കുനേർ വരുന്ന സാഹചര്യം ഒഴിവാക്കുകയാണ് ലക്ഷ്യം. രാഷ്ട്രീയ സമ്മർദത്തിന് വഴങ്ങി ചട്ടവിരുദ്ധമായ വി സി നിയമനത്തിന് ഗവർണർ എന്തിന് അനുമതി നൽകി എന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
മറുനാടന് മലയാളി ബ്യൂറോ