പട്‌ന: കോവിഡ് കേസുകൾ വർധിക്കുന്നതു കണക്കിലെടുത്ത് ബിഹാർ സർക്കാർ കടുത്ത നിയന്ത്രണങ്ങൾ പ്രഖ്യാപിച്ചു. ബിഹാറിൽ കോവിഡിന്റെ മൂന്നാം തരംഗം തുടങ്ങിയതായും മുൻകരുതൽ നടപടികൾ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി നിതീഷ് കുമാർ പറഞ്ഞു.ഈ മാസം 31 മുതൽ ജനുവരി രണ്ടു വരെ സംസ്ഥാനത്തെ പാർക്കുകൾ അടച്ചിടാൻ സർക്കാർ ഉത്തരവിട്ടു.

പാർക്കുകളിൽ പുതുവൽസരാഘോഷം നടത്തുന്നതും നിരോധിച്ചു. രാഷ്ട്രീയ, സാമൂഹിക, സാംസ്‌കാരിക പരിപാടികളിൽ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിക്കണമെന്നും നിർദേശിച്ചു. ബിഹാറിൽ കഴിഞ്ഞ ദിവസം 47 പുതിയ കോവിഡ് കേസുകൾ കൂടി രേഖപ്പെടുത്തി. കോവിഡ് ബാധിച്ച് ഒരാൾ മരിക്കുകയും ചെയ്തു.

കോവിഡ് മുൻകരുതൽ നടപടികളുടെ ഭാഗമായി ബിഹാറിലെ മെഡിക്കൽ കോളജുകളിലും ആശുപത്രികളിലും കിടക്കകളുടെ എണ്ണം കൂട്ടുമെന്നു നിതീഷ് കുമാർ അറിയിച്ചു. ഓക്‌സിജൻ പ്ലാന്റുകൾ അടിയന്തര സാഹചര്യങ്ങൾ നേരിടാൻ തക്കവിധം സജ്ജമാക്കിയിട്ടുമുണ്ട്.