- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നോവ മാറാൻ തീരുമാനിച്ച ദീർഘവീക്ഷണം ആഭ്യന്തര മന്ത്രിയുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിൽ'; പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കൂട്ടത്തിൽ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ വാഹന വ്യൂഹം കാര്യക്ഷമത കുറഞ്ഞതിനാൽ മാറുന്നതിനെ പരിഹസിച്ച് യൂത്ത് കോൺഗ്രസ് നേതാവ് രാഹുൽ മാങ്കുട്ടത്തിൽ. ഇന്നോവ മാറുവാൻ തീരുമാനിച്ച മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണം ആഭ്യന്തര മന്ത്രിയുടെ കാര്യത്തിൽ കാണിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു എന്ന് അദ്ദേഹം പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
'വണ്ടിയുടെ കാര്യക്ഷമത കുറഞ്ഞതിനാൽ ഇന്നോവ മാറുവാൻ തീരുമാനിച്ച മുഖ്യമന്ത്രിയുടെ ദീർഘവീക്ഷണം, ആഭ്യന്തര മന്ത്രിയുടെ കാര്യത്തിൽ കൂടി കാണിച്ചിരുന്നെങ്കിലെന്ന് ആശിച്ചു പോകുന്നു,' രാഹുൽ മാങ്കൂട്ടത്തിൽ പറഞ്ഞു.
അതേസമയം, മുഖ്യമന്ത്രിക്കും വാഹന വ്യൂഹത്തിനും ഇനി മുതൽ കറുത്ത ഇന്നോവകളായിരിക്കും. മുൻ പൊലീസ് മേധാവി ലോക്നാഥ് ബെഹ്റയുടെ ശിപാർശയിലാണ് ഈ നിറം മാറ്റം. ഇതിനായി നാല് പുതിയ ഇന്നോവകൾ പൊലീസ് വാങ്ങി എന്നാണ് റിപ്പോർട്ടുകൾ.
കാറുകൾ വാങ്ങാൻ പൊലീസിന് സ്പെഷ്യൽ ഫണ്ട് അനുവദിച്ചിരുന്നു. മുഖ്യമന്ത്രിക്ക് പൈലറ്റും എസ്‌കോർട്ടുമായി പോകാനാണ് നാല് പുതിയ കാറുകൾ വാങ്ങിയത്.
കറുപ്പ് നിറത്തിലുള്ള മൂന്ന് ഇന്നോവ ക്രിസ്റ്റ കാറുകളും ഒരു ടാറ്റ ഹാരിയറുമാണ് വാങ്ങുന്നത് എന്നായിരുന്നു നേരത്തെയുള്ള റിപ്പോർട്ടുകൾ. ഇതിനായി സെപ്റ്റംബറിൽ 62.46 ലക്ഷം രൂപ അനുവദിച്ചുകൊണ്ട് ഉത്തരവും ഇറങ്ങിയിരുന്നു.
പുതിയ കാറുകൾ വരുമ്പോൾ നിലവിൽ ഉപയോഗിക്കുന്നവയിൽ രണ്ട് കാറുകൾ മാറ്റും. കാലപ്പഴക്കം മൂലം കാര്യക്ഷമത കുറഞ്ഞതിനാൽ കാറുകൾ മാറ്റണം എന്നായിരുന്നു സർക്കാരിനോട് പൊലീസ് മേധാവിയുടെ ശിപാർശ.
ഈ ശിപാർശയുടെ അടിസ്ഥാനത്തിലായിരുന്നു തീരുമാനം. കെ.എൽ 01 സിഡി 4764, കെ.എൽ 01 സി.ഡി 4857 എന്നീ രജിസ്ട്രേഷൻ നമ്പറുകളുള്ള കാറുകളാണ് പൈലറ്റ്, എസ്‌കോർട്ട് ഡ്യൂട്ടികളിൽ നിന്ന് ഒഴിവാക്കുന്നത്. നാല് വർഷം പഴക്കമുള്ള വാഹനങ്ങളാണിവ. പ്രത്യേക കേസായി പരിഗണിച്ചാണ് കാറുകൾ വാങ്ങാനുള്ള തീരുമാനം പൊതുഭരണ വകുപ്പ് എടുത്തത് എന്നാണ് റിപ്പോർട്ടുകൾ.
ന്യൂസ് ഡെസ്ക്