തിരുവനന്തപുരം: സംഘടനാ വിരുദ്ധ പ്രവർത്തനം നടത്തിയെന്ന് ആക്ഷേപിച്ച് കെ പി സി സി സസ്‌പെന്റ് ചെയ്ത നേതാവിനെക്കൊണ്ട് സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് യൂത്ത് കോൺഗ്രസുകാർ. കേരളത്തിലെ ക്രമസമാധാന വീഴ്ചകളിൽ ആഭ്യന്തര വകുപ്പ് നോക്കുകുത്തിയാവുന്നു എന്നാരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റിയുടെ നിർദ്ദേശപ്രകാരം ചിറയിൻകീഴ് യൂത്ത് കോൺഗ്രസ് നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന നോക്കുകുത്തി സ്ഥാപിക്കൽ സമരം ഉദ്ഘാടനം ചെയ്തത് മുൻ കെ പി സി സി സെക്രട്ടറി എംഎ ലത്തീഫ്.

തിരുവനന്തപുരത്തെ പ്രമുഖ എ ഗ്രൂപ്പ് നേതാവും ഉമ്മൻ ചാണ്ടിയുടെ വിശ്വസ്തനുമായ ലത്തീഫിനെ പാർട്ടിയിൽ നിന്ന് സസ്പെന്റ് ചെയ്തിരിക്കുകയാണ്. കെ സുധാകരന്റെ നേതൃത്വത്തിൽ പുറത്താക്കിയ നേതാവിനെക്കൊണ്ട് തന്നെ സമരം ഉദ്ഘാടനം ചെയ്യിപ്പിച്ച് നേതൃത്വത്തിനും കെ സുധാകരനും മറുപടി നൽകിയിരിക്കുകയാണ് ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്ന ചിറയിൻകീഴിലെ യൂത്ത് കോൺഗ്രസ് നേതാക്കൾ.

മംഗലപുരം പൊലീസ് സ്റ്റേഷന് മുമ്പിൽ നടന്ന പരിപാടിക്ക് സജിൻ, അഖിലേഷ്, നാഫ് ഖാൻ, നാസർ, റാഫി, മുനീർ, രാജേഷ്, നസീർ, ഭരത് എന്നിവർ നേതൃത്വം നൽകി. മംഗലാപുരം പഞ്ചായത്ത് പ്രസിഡന്റ് പി സി അജയരാജ്, പഞ്ചായത്ത് മെമ്പർ ശ്രീചന്ദ്, പാച്ചിറ യൂത്ത് കോൺഗ്രസ് മണ്ഡലം സെക്രട്ടറി നൗഫൽ, മോനിഷഹ്, ബിനു എം എസ് , രാഹുൽ, സുനീർ തുടങ്ങിയവരെല്ലാം പരിപാടിയിൽ സംബന്ധിച്ചു.

പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ തീരദേശ മേഖലയായ മുതലപ്പൊഴിയിലെ സന്ദർശനം തടയാൻ നിർദ്ദേശം നൽകി എന്നാരോപിച്ചാണ് എം എ ലത്തീഫിനെ സസ്‌പെന്റ് ചെയ്തത്. കെ പി സി സി ഭാരവാഹി പട്ടികക്കെതിരെ ഇന്ദിരാഭവനിലേക്ക് മാർച്ച് നടത്താൻ നിർദ്ദേശം നൽകി. യൂണിറ്റ് കമ്മിറ്റിയുടെ രൂപീകരണം അട്ടിമറിക്കാൻ ശ്രമിച്ചു. ചിറയിൻകീഴ് മണ്ഡലത്തിൽ വിഭാഗീയ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി തുടങ്ങി നിരവധി ആരോപണങ്ങൾ ലത്തീഫിനെതിരെ ഉണ്ട്.

എന്നാൽ കെ സുധാകരൻ പക തീർത്തതാണെന്ന ആരോപണമാണ് ലത്തീഫിനെ അനുകൂലിക്കുന്നവർ ഉയർത്തുന്നത്. ലത്തീഫിനെ പുറത്താക്കിയപ്പോൾ ലത്തീഫിനെ അനുകൂലിച്ച് കെ സുധാകരനെതിരെ മുദ്രാവാക്യം വിളിയുമായി പ്രവർത്തകർ തെരുവിലിറങ്ങുക വരെ ചെയ്തിരുന്നു. തനിക്കെതിരെ ചുമത്തിയ കുറ്റങ്ങൾ കെട്ടിച്ച ച്ചതാണെന്ന വാദമാണ് ലത്തീഫ് ഉയർത്തുന്നത്. ഏതായാലും സുധാകരന്റെ സസ്പെൻഷന് വിലകൽപ്പിക്കാതെ സസ്‌പെൻഷനിലായ നേതാവിനെക്കൊണ്ട് പരിപാടി ഉദ്ഘാടനം ചെയ്യിപ്പിച്ച് മറുപടി നൽകുകയാണ് ഉമ്മൻ ചാണ്ടിയെ അനുകൂലിക്കുന്നവർ.