- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'ഇന്നു നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിച്ച് എഴുതിത്ത്തള്ളുമായിരിക്കും; പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും: ടൊവിനോ തോമസിന്റെ പഴയ ഫേസ്ബുക്ക് പോസ്റ്റ് ചർച്ചയാക്കി സോഷ്യൽ മീഡിയ
'മിന്നൽ മുരളി'യിലൂടെ ഇന്ത്യയുടെ സൂപ്പർ ഹീറോയായി മാറിയിരിക്കുകയാണ് മലയാളികളുടെ പ്രിയപ്പെട്ട താരം ടൊവിനോ തോമസ്. ഇന്ത്യയിൽ നെറ്റ്ഫ്‌ളിക്‌സിന്റെ ജനപ്രിയ ചിത്രങ്ങളിൽ ഒന്നാമതായി തുടരുന്ന 'മിന്നൽ മുരളി'യിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരുള്ള താരമായി ടൊവിനോ മാറിക്കഴിഞ്ഞു. 'മിന്നൽ മുരളി' വമ്പൻ വിജയമായതോടെ ചിത്രത്തിന് രണ്ടാം ഭാഗം ഒരുക്കാനുള്ള തയ്യാറെടുപ്പിലാണ് ടൊവിനോയും ബേസിൽ ജോസഫും.
സൂപ്പർ താരങ്ങളും ജനപ്രിയ നായകനും ഉള്ള മലയാള സിനിമയിലൂടെയുള്ള ടൊവിനോയുടെ യാത്ര അത്ര എളുപ്പമായിരുന്നില്ല. ദീർഘനാളത്തെ പരിശ്രമങ്ങൾക്കും കഷ്ടപ്പാടിനും ശേഷമാണ് ടൊവിനോ ഈ നിലയിൽ എത്തുന്നത്. അദ്ദേഹത്തിന്റെ പരിശ്രമങ്ങളുടെയും നേരിടേണ്ടി വന്ന വെല്ലുവിളികളുടെയും വ്യാപ്തി വ്യക്തമാക്കുന്ന പഴയൊരു പോസ്റ്റ് ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാവുകയാണ്.
'ഇന്നു നിങ്ങൾ എന്നെ വിഡ്ഢിയെന്നു പരിഹസിക്കുമായിരിക്കും, കഴിവില്ലാത്തവൻ എന്നു മുദ്രകുത്തി എഴുതിത്ത്തള്ളുമായിരിക്കും. പക്ഷേ ഒരിക്കൽ ഞാൻ ഉയരങ്ങളിൽ എത്തുക തന്നെ ചെയ്യും. അന്നു നിങ്ങൾ എന്നെയോർത്ത് അസൂയപ്പെടും. ഇതൊരു അഹങ്കാരിയുടെ ധാർഷ്ട്യമല്ല, വിഡ്ഢിയുടെ വിലാപവുമല്ല. മറിച്ച് ഒരു കഠിനാദ്ധ്വാനിയുടെ ആത്മവിശ്വാസമാണ്.' 2011 ജൂണിൽ ടൊവിനോ ഫേസ്‌ബുക്കിൽ കുറിച്ച വാക്കുകളാണിത്.
രണ്ടു വർഷം മുൻപും ഈ പോസ്റ്റ് സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു. ഇപ്പോഴിതാ 'മിന്നൽ മുരളി'യുടെ വിജയത്തിന് പിന്നാലെ വീണ്ടും ഇതേ കുറിപ്പ് ആരാധകർ ഏറ്റെടുക്കുന്നു. തമിഴ് ആരാധകർ അടക്കമുള്ളവർ ഈ പോസ്റ്റ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവയ്ക്കുന്നുണ്ട്.
2012 ൽ സജീവൻ അന്തിക്കാട് സംവിധാനം ചെയ്ത 'പ്രഭുവിന്റെ മക്കൾ' എന്ന ചിത്രത്തിലൂടെയായിരുന്നു ടൊവിനോയുടെ സിനിമാ അരങ്ങേറ്റം. പിന്നീട് ഗപ്പി, ഒരു മെക്‌സിക്കൻ അപാരത, തരംഗം, ഗോദ, മായാനദി, തീവണ്ടി തുടങ്ങിയ ചിത്രങ്ങളിലൂടെ ടൊവിനോ മലയാള സിനിമയിലെ ശ്രദ്ധേയ സാന്നിധ്യമായി മാറുകയായിരുന്നു. 'മാരി 2' എന്ന ധനുഷ് ചിത്രത്തിലൂടെ തമിഴകത്തും ടൊവിനോ വരവറിയിച്ചു.