അമരാവതി: അടുത്ത തിരഞ്ഞെടുപ്പിൽ ബിജെപിക്ക് വോട്ടുകുത്തിയാൽ 50 രൂപയ്ക്ക് മദ്യം തരാമെന്ന വാഗ്ദാനവുമായി പാർട്ടി അധ്യക്ഷൻ. ആന്ധ്രപ്രദേശ് ബിജെപി ഘടകത്തിന്റേതാണ് ഈ നുരയുന്ന വാഗ്ദാനം. പക്ഷെ 50 രൂപയ്ക്ക് മദ്യം കുടിക്കണമെങ്കിൽ അടുത്ത തിരഞ്ഞെടുപ്പായ 2024 വരെ കാത്തിരിക്കണം. പാർട്ടി സംസ്ഥാന അധ്യക്ഷൻ സോമു വീർ രാജു പൊതുസമ്മേളനത്തിലാണ് ഇക്കാര്യം പറഞ്ഞത്.

സംസ്ഥാനത്തെ വികസിതമാക്കുന്നതിൽ ഭരിക്കുന്ന വൈഎസ്ആർ കോൺഗ്രസ് സർക്കാരും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടിയും പരാജയപ്പെട്ടു എന്നു ആരോപിക്കുമ്പോഴാണ് മദ്യം കടന്നുവന്നത്. സംസ്ഥാനത്തെ ഒരുകോടി ജനങ്ങൾ മദ്യപിക്കുന്നവരാണ്. ബിജെപിയെ അധികാരത്തിലെത്തിച്ചാൽ 75 രൂപയ്ക്ക് മദ്യം തരും. വരുമാനം മെച്ചപ്പെട്ടാൽ 50 രൂപയ്ക്ക് തരും. അതും നല്ല മദ്യം. കൃത്യമായ കണക്കുകളും സോമു അവതരിപ്പിച്ചു.

ആന്ധ്രയിൽ ഒരാൾ ശരാശരി 12,000 രൂപ മാസം മദ്യത്തിനായി ചെലവാക്കുന്നു. ഈ പണം കൊണ്ടാണ് പല പേരുകളിലുള്ള പദ്ധതികൾ മുഖ്യമന്ത്രി ജഗൻ മോഹൻ റെഡ്ഡി നടപ്പാക്കുന്നത്. മുൻകേന്ദ്രമന്ത്രിമാരായ പ്രകാശ് ജാവഡേക്കർ, പുരന്ദേശ്വരി തുടങ്ങിയവരും യോഗത്തിലുണ്ടായിരുന്നു.