- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
പെട്രോളടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു വിലക്കി; ബൈക്കിലെത്തിയ ആൾ ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു
വിഴിഞ്ഞം: പെട്രോളടിക്കുന്നതിനിടെ മൊബൈൽ ഫോണിൽ സംസാരിക്കുന്നതു വിലക്കിയതിന് ബൈക്കിന്റെ പിന്നിലെത്തിയ ആൾ പെട്രോൾ പമ്പ് ജീവനക്കാരനെ വെട്ടിപ്പരിക്കേൽപ്പിച്ചു. വാക്കുതർക്കത്തിനു ശേഷം മടങ്ങിപ്പോയ അക്രമി അരമണിക്കൂറിനു ശേഷം വെട്ടുകത്തിയുമായെത്തി ജീവനക്കാരനെ വെട്ടുകയായിരുന്നു. വിഴിഞ്ഞത്തെ ഷാ പെട്രോൾ പമ്പിലെ ജീവനക്കാരൻ വിഴിഞ്ഞം തെന്നൂർക്കോണം അമ്പ്രാഞ്ചിവിള കരയടിവിളയിൽ ജി.അനന്തു(24)വിന്റെ ഇടതു കൈമുട്ടിനാണ് വെട്ടേറ്റത്. ഇയാളെ ആക്രമിച്ച ശേഷം കടന്നുകളഞ്ഞ വിഴിഞ്ഞം ടൗൺഷിപ്പ് കോളനി സ്വദേശി സഫറുള്ളഖാനെ(28)തിരേ വിഴിഞ്ഞം പൊലീസ് വധശ്രമത്തിനു കേസെടുത്തു.
ചൊവ്വാഴ്ച രാത്രി 10.15-ഓടെയാണ് സംഭവം. ഒരു ബൈക്കിന്റെ പിന്നിലിരുന്ന് പമ്പിലെത്തിയതായിരുന്നു സഫറുള്ളഖാൻ. ഇതിനൊപ്പമെത്തിയ മറ്റൊരു ബൈക്കിലുണ്ടായിരുന്നയാൾ മൊബൈൽ ഫോണിൽ സംസാരിക്കുന്നതാണ് അനന്തു വിലക്കിയത്. ഇതിൽ പ്രകോപിതനായ സഫറുള്ളഖാൻ അനന്തുവിനെ അസഭ്യംപറഞ്ഞതോടെ ഇരുവരും തമ്മിൽ തർക്കമായി. അനന്തുവിനെ ഭീഷണിപ്പെടുത്തിയ ശേഷം തിരിച്ചുപോയ സഫറുള്ളഖാൻ 10.45-ഓടെ മറ്റൊരാൾ ഓടിച്ച ബൈക്കിൽ തിരിച്ചെത്തി വെട്ടുകത്തിയെടുത്ത് വെട്ടുകയായിരുന്നു. കഴുത്തിനു വെട്ടാനുള്ള ശ്രമം തടഞ്ഞപ്പോഴാണ് അനന്തുവിന്റെ കൈക്ക് വെട്ടേറ്റത്. വീണ്ടും വെട്ടാൻ ശ്രമിക്കുമ്പോൾ മറ്റു ജീവനക്കാരും നാട്ടുകാരും ഓടിയെത്തി തടഞ്ഞു.
ആളുകൾ ഓടിക്കൂടിയതോടെ വെട്ടുകത്തി വീശി ഭീകരാന്തരീക്ഷം സൃഷ്ടിച്ചാണ് അക്രമി ഇവിടെനിന്നു കടന്നത്. വന്ന ബൈക്ക് പമ്പിൽ ഉപേക്ഷിച്ചാണ് ഇയാൾ രക്ഷപ്പെട്ടത്. ഇത് പൊലീസ് കസ്റ്റഡിയിലെടുത്തു. ബൈക്കോടിച്ചയാളെ കസ്റ്റഡിയിലെടുത്തെന്നാണ് സൂചന. പരിക്കേറ്റ അനന്തുവിനെ വിഴിഞ്ഞം സാമൂഹികാരോഗ്യകേന്ദ്രത്തിലും പിന്നീട് മെഡിക്കൽ കോളേജ് ആശുപത്രിയിലുമെത്തിച്ചു. മുറിവിൽ 20 തുന്നലിടേണ്ടിവന്നതായി പൊലീസ് പറഞ്ഞു. പ്രതി സഫറുള്ളഖാനെതിരേ കോവളം, വിഴിഞ്ഞം, ബാലരാമപുരം, വിതുര, ഇടുക്കി അടക്കമുള്ള സ്ഥലങ്ങളിലെ പൊലീസ് സ്റ്റേഷനുകളിൽ കഞ്ചാവ് വിൽപ്പന, കൊലപാതകശ്രമം അടക്കമുള്ള കേസുകളുണ്ടെന്ന് വിഴിഞ്ഞം ഇൻസ്‌പെക്ടർ പ്രജീഷ് ശശി പറഞ്ഞു.