മുംബൈ: ചില പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെടുന്ന ഭൂമി ഒഴിച്ചുള്ള ഭൂമി വാങ്ങുവാനും വിൽക്കുവാനും റിസർവ്വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പ്രത്യേക അനുമതി ഓവർസീസ് സിറ്റിസൻസ് ഓഫ് ഇന്ത്യ (ഒ സി ഐ) കാർഡുള്ളവർക്ക് ആവശ്യമില്ലെന്ന് ആർ ബി ഐ വ്യക്തമാക്കി. കൃഷിഭൂമി, ഫാം ഹൗസ്, തോട്ടങ്ങൾ എന്നിവയാണ് പ്രത്യേക അനുമതി ആവശ്യമുള്ള വിഭാഗത്തിൽ ഉൾപ്പെടുന്ന ഭൂമി.

നേരത്തേ ഒരു കേസുമായി ബന്ധപ്പെട്ട് ഒരു വിദേശി, തന്റെ ഇന്ത്യയിലുള്ള ഭൂമി വിൽക്കുകയോ അല്ലെങ്കിൽ ഇന്ത്യയിൽ ഭൂമി വാങ്ങുകയോ ചെയ്യുമ്പോൾ സുപ്രീംകോടതിയുടെ പ്രത്യേക അനുമതി വാങ്ങിയിരിക്കണം എന്ന് വിധിച്ചിരുന്നു. ചാൾസ് റൈട്ട് എന്ന വിദേശിയുടെ വിധവയായ എഫ് എൽ റൈട്ട് എന്ന വനിത തന്റെ ഭൂമി ഒരു വിക്രം മൽഹോത്ര എന്നയാൾക്ക് കൈമാറിയതുമായി ബന്ധപ്പെട്ട കേസിലായിരുന്നു ഈ വിധി വന്നത്. ഫോറിൻ എക്സ്ചേഞ്ച് റെഗുലേഷൻ ആക്ട് (ഫെറ) 1973 ന്റെ ലംഘനമായിരുന്നു നടന്നത് എന്നായിരുന്നു അന്ന് സുപ്രീം കോടതി നിരീക്ഷിച്ചത്.

ഇതനുസരിച്ച്, ഇന്ത്യൻ പൗരനല്ലാത്ത വ്യക്തിക്കും, അല്ലെങ്കിൽ ഇന്ത്യയിൽ ഇൻകോർപ്പറേറ്റ് ചെയ്യാത്ത സ്ഥാപനങ്ങൾക്കും ഇന്ത്യയിൽ ഭൂമി വാങ്ങുവാനോ , കൈവശം വയ്ക്കുവാനോ, അത് വിൽക്കുവാനോ, കൈമാറ്റം ചെയ്യുവാനോ ആർ ബി ഐ യുടെ പ്രത്യേകാനുമതി ആവശ്യമാണ്. ഫെറ നിയമത്തെ പിന്നീട് 1999 -ലെ ഫോറിൻ എക്സ്ചേഞ്ച് മാനേജ്മെന്റ് ആക്ട് (ഫെമ) കൊണ്ട് മാറ്റിയെങ്കിലുംഭരണഘടനയിലെ ആർട്ടിക്കിൾ 142 നൽകുന്ന പ്ലീനറി അധികാരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ആ വിധി പ്രഖ്യാപിച്ചത്.

എന്നാൽ, ഈ വിധി ഈ ഒരു പ്രത്യേക കേസിനു മാത്രം ബാധകമായിട്ടുള്ള ഒന്നാണ്. അതല്ലാത്ത കേസുകൾക്കെല്ലാം ഫെമ നിയമമായിരിക്കും ബാധകമാവുക. ഇതനുസരിച്ച്, പ്രത്യേക വിഭാഗങ്ങളിൽ ഉൾപ്പെട്ട ഭൂമി ഒഴിച്ച് മറ്റ് സ്ഥാവരസ്വത്തുക്കൾ വാങ്ങുവാനും വിൽക്കുവാനും കൈമാറ്റം ചെയ്യുവാനും റിസർവ് ബാങ്കിന്റെ പ്രത്യേക അനുമതി ആവശ്യമില്ല. എന്നാൽ ഇതു സംബന്ധിച്ച് പണമിടപാടുകൾക്ക്ചില നിബന്ധനകളുണ്ട് എന്നുമാത്രം

ഈ ഇടപാടിനായി നടത്തുന്ന പണമിടപാടുകളിൽ പണം ഇന്ത്യൻ ബാങ്കുകളിൽ എത്തണം. അല്ലെങ്കിൽ ഫെമ 1999 അനുസരിച്ച് പ്രത്യേക അനുമതിയുള്ള എൻ ആർ അക്കൗണ്ടുകളിൽ എത്തണം. ട്രാവലേഴ്സ് ചെക്ക്, വിദേശ കറൻസി തുടങ്ങിയവ വഴിയുള്ള പണമിടപാടുകൾ അനുവദനീയമല്ല.