ഓസ്ററിൻ: ടെക്സസ്സിൽ കോവിഡ് 19 കേസ്സുകൾ അതിവേഗം വ്യാപിക്കുന്നതായും, ഡിസംബർ 28 ചൊവ്വാഴ്ച പോസിറ്റിവിറ്റി തോത് 22.9 ശതമാനത്തിൽ എത്തിയതായും 68 പേർ മരിച്ചതായും ടെക്സസ് ഡിപ്പാർട്ട്മെന്റ് ഓഫ് സ്റ്റേറ്റ് ഹെൽത്ത് സർവീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

രണ്ടാഴ്ച മുമ്പ് 9.19 ശതമാനത്തിൽ നിന്നാണ് കുത്തനെ 22.9 ശതമാനത്തിൽ എത്തിയിരിക്കുന്നത്.കോവിഡ് ടെസ്റ്റിന് വിധേയനാകുന്ന നാലിൽ ഒരാൾക്കു വീതം കോവിഡ് സ്ഥിരീകരിക്കുന്നു.

ഡാളസ് വിവിധ ആശുപത്രികളിൽ രോഗികളുടെ എണ്ണം വർദ്ധിച്ചുവരികയാണ്. പല ആശുപത്രികളിലും മാസ്‌ക് മാൻഡേറ്റ് വീണ്ടും നിർബന്ധമാക്കി. ഡബിൾ മാസ്‌ക്കാണ് ജീവനക്കാർ ധരിക്കുന്നത്. ആരോഗ്യവകുപ്പു പ്രവർത്തകർക്കും കോവിഡ് ബാധിച്ചതിനാൽ ആവശ്യമായ സ്റ്റാഫംഗങ്ങളെ ലഭിക്കുന്നതിനും ആശുപത്രികൾ ബുദ്ധിമുട്ടുകയാണ്. ഡാളസിലെ കൗണ്ടി ആശുപത്രിയായ പാർക്ക് ലാന്റിൽ കോവിഡ് രോഗികൾക്കായി നാലു പ്രത്യേക വാർഡുകൾ സജ്ജീകരിച്ചിട്ടുണ്ടെന്നു അധികൃതർ അറിയിച്ചു.

ടെക്സസ്സിലെ കോവിഡ് മരണസംഖ്യ 74330 ആയി ഉയർന്നിട്ടുണ്ട്. 4431 രോഗികളാണ് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുന്നത്. ക്രിസ്തുമസ് അവധിക്കാലം കഴിഞ്ഞതോടെയാണ് കോവിഡ് കേസ്സുകൾ വർദ്ധിക്കുവാനാരംഭിച്ചത്.