കൊച്ചി: പശ്ചിമഘട്ടത്തിലെ ജനങ്ങളെ ശ്രവിക്കാതെ കേന്ദ്രസർക്കാർ പരിസ്ഥിതിലോല അന്തിമവിജ്ഞാപനം പ്രഖ്യാപിക്കരുതെന്ന് രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന സമിതി കേന്ദ്രസർക്കാരിനോട് അഭ്യർത്ഥിച്ചു.

നിലവിലുള്ള കരട് വിജ്ഞാപനത്തിന്റെ കാലാവധി ഡിസംബർ 31ന് കഴിയുമ്പോൾ പുതിയ കരടുവിജ്ഞാപനമിറക്കി തദ്ദേശവാസികളെ ശ്രവിച്ച് ആശങ്കകളകറ്റണം. ജനവാസകേന്ദ്രങ്ങളും, കൃഷിയിടങ്ങളും, തോട്ടങ്ങളും ഒഴിവാക്കി മാത്രമേ അന്തിമവിജ്ഞാപനം ഇറക്കാവൂ. കേരളത്തിലെ ആകെ വനവിസ്തൃതി 92 വില്ലേജുകളിൽ മാത്രമാണെന്നുള്ള കണക്ക് വിരോധാഭാസമാണെന്നും വില്ലേജുകളെ റവന്യു വില്ലേജുകളെന്നും, ഫോറസ്റ്റ് വില്ലേജുകളെന്നും അടിയന്തരമായി വിഭജിക്കണമെന്നും സംസ്ഥാന ചെയർമാൻ ഷെവലിയാർ അഡ്വ.വി സി സെബാസ്റ്റ്യൻ ആവശ്യപ്പെട്ടു.

31 വില്ലേജുകളിലെ 1337.24 ചതുരശ്രകിലോമീറ്റർ പ്രദേശം നോൺ കോർ മേഖലയായി പ്രഖ്യാപിക്കാനുള്ള നീക്കവും അംഗീകരിക്കാനാവില്ല. പ്രശ്നബാധിതമേഖലയിലെ ജനങ്ങളുമായി ചർച്ചചെയ്യാനോ വിശ്വാസത്തിലെടുക്കാനോ തയ്യാറാകാതെ ഉദ്യോഗസ്ഥ അജണ്ടകൾ നടപ്പിലാക്കാൻ ശ്രമിച്ചാൽ ശക്തമായി എതിർക്കുമെന്ന് ജനറൽ കൺവീനർ അഡ്വ.ബിനോയ് തോമസ് സൂചിപ്പിച്ചു.

രാഷ്ട്രീയ കിസാൻ മഹാസംഘ് സംസ്ഥാന വൈസ്‌ചെയർമാൻ മുതലാംതോട് മണി അധ്യക്ഷത വഹിച്ചു. ദേശീയ കോർഡിനേറ്റർ ബിജു കെ.വി, സൗത്ത് ഇന്ത്യൻ കോഡിനേറ്റർ പി.ടി ജോൺ, സംസ്ഥാന വൈസ് ചെയർമാന്മാരായ ഫാ. ജോസഫ് കാവനാടിയിൽ, ഡിജോ കാപ്പൻ, ബേബി സക്കറിയാസ,് കൺവീനർമാരായ ജോയി കണ്ണംചിറ, രാജു സേവ്യർ, പ്രൊഫ. ജോസ്‌കുട്ടി ഒഴുകയിൽ, ജെന്നറ്റ് മാത്യു, മനു ജോസഫ്, അഡ്വ പി.പി ജോസഫ്, അഡ്വ. ജോൺ ജോസഫ്, വിവിധ കർഷകസംഘടനാ നേതാക്കളായ ടോമിച്ചൻ ഐക്കര, ജോയി കൈതാരം തൃശൂർ, ജോസ് മാത്യു ആനിത്തോട്ടം, ഡോ.പി.ലക്ഷ്മൺമാസ്റ്റർ, ഹരിദാസ് കല്ലടിക്കോട്, സുരേഷ് കുമാർ ഓടാപ്പന്തിയിൽ, ഷുക്കൂർ കണാജെ, അഡ്വ. സുമീൻ എസ് നെടുങ്ങാടൻ, പി.ജെ ജോൺ മാസ്റ്റർ, സ്‌കറിയ നെല്ലംകുഴി, പോൾസൺ അങ്കമാലി, സുനിൽ മഠത്തിൽ, പൗലോസ് മോളത്ത്, നൈനാൻ തോമസ്, ഔസേപ്പച്ചൻ ചെറുകാട് തുടങ്ങിയവർ സംസാരിച്ചു.