- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
ഇന്ന് മുതൽ മാസ്‌കും സാമൂഹിക അകലം പാലിക്കലും നിർബന്ധം;സൗദിയിൽ കോവിഡ് ചട്ടങ്ങൾ കർശനമാക്കി
കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ സൗദിയിൽ നേരത്തെ അനുവദിച്ചിരുന്ന ഇളവുകൾ ഒഴിവാക്കി. എല്ലായിടത്തും മാസ്‌ക് ധരിക്കുന്നത് നിർബന്ധമാക്കിയിട്ടുണ്ട്. തിയേറ്ററുകളിൽ അമ്പത് ശതമാനം സീറ്റുകളിലേ പ്രവേശനം അനുവദിക്കൂ. കച്ചവട സ്ഥാപനങ്ങളിലും മാളുകളിലും ഒന്നര മീറ്റർ അകലം പാലിക്കലും നിർബന്ധമാക്കി.
ഓമിക്രോൺ വ്യാപനം കണക്കിലെടുത്താണ് പുതിയ തീരുമാനങ്ങൾ. 2021 ഡിസംബർ 30 അഥവാ നാളെ മുതൽ നടപ്പിലാകുന്ന മാറ്റങ്ങൾ ഇവയാണ്. കച്ചവട സ്ഥലങ്ങളിലും ജോലി സ്ഥലത്തും മാളുകളിലും പൊതു സ്ഥലത്തും മാസ്‌ക് നിർബന്ധമാണ്. വാഹനങ്ങളിലും ഇവ ധരിച്ചിരിക്കണം. മൂക്കും വായയും അടക്കം മറയുന്ന തരത്തിൽ മാസ്‌ക് ധരിക്കാതിരുന്നാൽ ആയിരം റിയാൽ പിഴയീടാക്കും. ഉപഭോക്താക്കൾ മാസ്‌ക് ധരിച്ചെന്ന് ഉറപ്പു വരുത്തേണ്ടത് വ്യാപാരികളാണ്.
കടകളിൽ കയറുമ്പോൾ ക്വു ആർ കോഡ് സ്‌കാൻ ചെയ്യിപ്പിക്കണം. ഇമ്യൂണായവരെ മാത്രമേ പ്രവേശിപ്പിക്കാവൂ. സ്ഥാപനത്തിനകത്ത് ആളുകൾ തമ്മിൽ ഒന്നര മീറ്റർ അകലം പാലിക്കണം. ഇത് പാലിക്കാവുന്ന തരത്തിലുള്ള തിരക്കേ അകത്തുണ്ടാകാവൂ. ചട്ട ലംഘനമുണ്ടായാൽ പതിനായിരം റിയാലാണ് പിഴ. തിയറ്ററിൽ ആകെ സീറ്റുകളിൽ പകുതി പേരെ മാത്രമേ പ്രവേശിപ്പിക്കാവൂ. ഒരു കുടുംബം ഒന്നിച്ച് കയറിയാൽ അഞ്ചു പേർക്ക് ഒന്നിച്ചിരിക്കാം. പിന്നീടുള്ള രണ്ട് സീറ്റുകൾ ഒഴിച്ചിടണം.
പള്ളികളിൽ മാസ്‌കും ശാരീരിക അകലവും ഉറപ്പ് വരുത്തണം. രാജ്യത്തെ ഫുട്‌ബോൾ അസോസിയേഷനും പ്രോട്ടോകോൾ പാലിച്ചാകും നാളെ മുതൽ കളികൾ നടത്തുക. എല്ലായിടത്തും ഒരുപോലെ ബാധകമാണ് ചട്ടം. ഓമിക്രോൺ പശ്ചാത്തലത്തിലാണ് നേരത്തെ നൽകിയ ഇളവുകളെല്ലാം റദ്ദാക്കുന്നത്. ഇന്ന് എഴുന്നൂറിലേറെ കേസുകളുണ്ട് സൗദിയിൽ. വരും ദിനങ്ങളിൽ വർധിക്കുന്നത് മുൻകൂട്ടിക്കണ്ടാണ് കർശനമായ ചട്ടങ്ങൾ. ബൂസ്റ്റർ ഡോസ് വേഗത്തതിലാക്കാനും എല്ലാവർക്കും നിർദേശമുണ്ട്. കുട്ടികളിലും കോവിഡ് പടരുന്നത് കണക്കിലെടുത്ത് 5 വയസ്സ് മുതലുള്ളവർക്കും വാക്‌സിനേഷൻ തുടങ്ങിയിട്ടുണ്ട്.