മുംബൈ: പുതുവർഷത്തലേന്ന് മുംബയിൽ ഭീകരാക്രമണം നടന്നേക്കുമെന്ന് രഹസ്യാന്വേഷണ ഏജൻസികളുടെ മുന്നറിയിപ്പ്. മുംബയ് ലക്ഷ്യമിട്ട് ആക്രമണം നടത്താൻ ഖാലിസ്ഥാൻ ഭീകരർ പദ്ധതി തയ്യാറാക്കുന്നതായാണ് രഹസ്യാന്വേഷണ ഏജൻസികൾ മുന്നറിയിപ്പ് നൽകിയത്. ഇതിന്റെ പശ്ചാത്തലത്തിൽ മുംബൈയിൽ സുരക്ഷാ നടപടികൾ ശക്തമാക്കി.

അവധിയിലുള്ള പൊലീസുകാരെ ഡ്യൂട്ടിയിൽ പ്രവേശിക്കാൻ മുംബയ് പൊലീസ് കമ്മീഷണർ ഉത്തരവിറക്കി. ജാഗ്രതാ നിർദ്ദേശത്തെ തുടർന്ന് മുംബയ് , ദാദർ, ബാന്ദ്ര, ചർച്ച്ഗേറ്റ്, സി.എസ്.എംപി, കുർള റെയിൽവേ സ്റ്റേഷനുകളിൽ കടുത്ത നിരീക്ഷണം ഏർപ്പെടുത്തി

മുംബയിൽ നിലവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചിട്ടുണ്ട്. ഹോട്ടലുകൾ, റസ്റ്റോറന്റുകൾ, ഹാളുകൾ, ബാറുകൾ, പബ്ബുകൾ, റിസോർട്ടുകൾ, ക്ലബ്ബുകൾ, റൂഫ് ടോപ്പുകൾ എന്നിവയുൾപ്പെടെ അടച്ചതോ തുറസായതോ ആയ എല്ലായിടത്തും പുതുവത്സര ആഘോഷങ്ങൾ, പരിപാടികൾ, ചടങ്ങുകൾ, ഒത്തുചേരലുകൾ എന്നിവ പൊലീസ് നിരോധിച്ചു.

സുരക്ഷക്കായി മൂവായിരത്തോളം പൊലീസുകാരെ വിന്യസിച്ചതായി റെയിൽവേ പൊലീസ് അറിയിച്ചു. കോവിഡ് പശ്ചാത്തലത്തിൽ പുതുവത്സര പരിപാടികൾക്കെല്ലാം നേരത്തെ തന്നെ മുംബൈയിൽ നിരോധനമുണ്ട്. പുതിയ സാഹചര്യത്തിൽ രാത്രി കർഫ്യൂ കൂടുതൽ കർശനമായി നടപ്പാക്കും.