- HOME
- NEWS
- POLITICS
- SPORTS
- CINEMA
- CHANNEL
- MONEY
- RELIGION
- INTERVIEW
- SCITECH
- OPINION
- FEATURE
- MORE
'മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു; അവസാനമായി കണ്ടത് ബാങ്കോക്കിൽ'; 51 വയസുകാരനായ രാഹുലിനെ കാൺമാനില്ലെന്ന പോസ്റ്ററുമായി സന്ദീപ് വാര്യർ
പാലക്കാട്: രാജ്യത്ത് വിവിധ സംസ്ഥാനങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങൾ പുരോഗമിക്കുന്നതിനിടെ കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി വീണ്ടും വിദേശ യാത്രയിലെന്ന റിപ്പോർട്ടുകൾ പുറത്ത് വന്നിരുന്നു. ഇപ്പോൾ വയനാട് എംപിക്കെതിരെ പരിഹാസം നിറഞ്ഞ പോസ്റ്ററുമായി രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. ബിജെപി വയനാട് ജില്ലാ കമ്മിറ്റിയുടെ പേരിലുള്ള പോസ്റ്റർ പാർട്ടിയുടെ സംസ്ഥാന വക്താവ് സന്ദീപ് വാര്യർ ഫേസ്‌ബുക്കിൽ പങ്കുവെച്ചിട്ടുണ്ട്.
മകനേ മടങ്ങി വരൂ, വയനാട് കാത്തിരിക്കുന്നു എന്നാണ് പോസ്റ്ററിൽ പറയുന്നത്. 51 വയസുകാരനായ രാഹുൽ ഗാന്ധി എംപിയെ കാൺമാനില്ലെന്നും അവസാനമായി കണ്ടത് ബാങ്കോക്കിൽ ആണെന്നും പോസ്റ്ററിൽ പറയുന്നു.
അതേസമയം, ഇറ്റലിയിലേക്ക് ഹ്രസ്വ സന്ദർശനത്തിനാണ് രാഹുൽ തിരിച്ചത് എന്നാണ് കോൺഗ്രസ് വൃത്തങ്ങൾ നൽകുന്ന സൂചന. രാഹുലിന്റെ യാത്ര സംബന്ധിച്ച് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും കോൺഗ്രസ് ആവശ്യപ്പെട്ടു. ഇതിനിടെ രാഹുൽ വിദേശ സന്ദർശനത്തിലായതിനാൽ പഞ്ചാബിലെ മോഗയിൽ നടത്താനിരുന്ന കോൺഗ്രസ് റാലി മാറ്റിവച്ചേക്കും എന്നാണ് ടൈംസ് നൗ റിപ്പോർട്ട് പറയുന്നത്. ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ തെരഞ്ഞെടുപ്പ് തീയതികൾ പ്രഖ്യാപിക്കാനിരിക്കെ രാഹുൽ നടത്തുന്ന വിദേശ സന്ദർശനം ബിജെപി അടക്കം പ്രചാരണം ആയുധമാക്കുന്നുണ്ട്.
എന്നാൽ, രാഹുലിനെ പിന്തുണച്ച് കോൺഗ്രസ് പാർട്ടി രംഗത്ത് എത്തി. 'രാഹുൽ ഗാന്ധി ഹ്രസ്വമായ ഒരു സ്വകാര്യ സന്ദർശനത്തിലാണ്, ബിജെപിയും അവരുടെ മാധ്യമ സുഹൃത്തുക്കളും അനാവശ്യമായ അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുത്' - കോൺഗ്രസ് നേതാവ് രൺദീപ് സുർജെവാല എഎൻഐ വാർത്ത ഏജൻസിയോട് പ്രതികരിച്ചു. പാർലമെന്റ് ശീതകാല സമ്മേളന കാലത്തും രാഹുൽ ഗാന്ധി വിദേശത്തായിരുന്നു.
സമ്മേളനം തുടങ്ങിയതിന് പിറ്റേ ദിവസം വിദേശത്തേക്ക് പോയ രാഹുൽ സമ്മേളനം കഴിയുന്നതിന് തലേ ദിവസമാണ് തിരിച്ചെത്തിയത്. രാഹുലിന്റെ തുടർച്ചയായ വിദേശ സന്ദർശനങ്ങൾ ബിജെപി വളരെ ശക്തമായി ഉപയോഗിക്കുന്നുണ്ട്. 2015 മുതൽ 2019വരെ രാഹുൽ ഗാന്ധി 247 വിദേശ സന്ദർശനം നടത്തിയെന്നാണ് മോദി സർക്കാർ പുറത്തുവിട്ട കണക്കുകൾ പറയുന്നത്. ഏതാണ്ട് 150 ദിവസത്തോളമാണ് ഈ കാലയളവിൽ രാഹുൽ വിദേശത്ത് കഴിഞ്ഞത്. കഴിഞ്ഞ മഹാരാഷ്ട്ര, ഹരിയാന തെരഞ്ഞെടുപ്പിന് മുൻപ് രാഹുൽ ബാങ്കോക്കിൽ പോയത് ഏറെ വിവാദമായിരുന്നു.
ന്യൂസ് ഡെസ്ക്