ചങ്ങനാശേരി: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ പ്രതിയായ 51കാരനെ കോടതി 23 വർഷം കഠിന തടവിന് ശിക്ഷിച്ചു. തൃക്കൊടിത്താനം കോട്ടമുറി മുളമൂട്ടിൽ പ്രവീണിനെയാണ് (51) കോടതി 23 വർഷത്തെ കഠിനതടവിന് ശിക്ഷിച്ചത്. ശിക്ഷാ കാലാവധി ഒന്നിച്ച് അനുഭവിച്ചാൽ മതി. ഒരുലക്ഷം രൂപ പിഴയൊടുക്കുന്നതിനും കോടതി ഉത്തരവായി.

ചങ്ങനാശേരി അതിവേഗ പ്രത്യേക കോടതി ജഡ്ജി പി.ജയകൃഷ്ണനാണ് വിവിധ വകുപ്പുകളിലായി പ്രതിക്ക് ശിക്ഷ വിധിച്ചത്. പിഴത്തുക ഇരയായ പെൺകുട്ടിക്ക് നൽകണം. പിഴയൊടുക്കിയില്ലെങ്കിൽ 2 വർഷം അധികതടവുകൂടി അനുഭവിക്കേണ്ടിവരും. 2016ൽ ആയിരുന്നു കേസിനാസ്പദമായ സംഭവം. പ്രോസിക്യൂഷനുവേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.പി.എസ്.മനോജ് ഹാജരായി.