ആലപ്പുഴ: ഫേസ്‌ബുക്കിലൂടെ പരിചയപ്പെട്ട് സൗഹൃദത്തിലായ 16-കാരിയെ കാണാൻ മലപ്പുറത്തുനിന്നെത്തിയ യുവാവ് പൊലീസ് പിടിയിൽ. പെൺകുട്ടിയെ കാണാനില്ലെന്ന രക്ഷിതാക്കൾ പരാതിപ്പെട്ടതിനെ തുടർന്ന് പൊലീസ് നടത്തിയ പരിശോധനയിൽ രണ്ടുപേരെയും ആലപ്പുഴ ബീച്ചിൽനിന്നു കണ്ടെത്തുകയായിരുന്നു. ഒന്നരവർഷം മുൻപാണ് ഇരുവരും ഫേസ്‌ബുക്കിലൂടെ സൗഹൃദത്തിലായത്.

കുറത്തികാട് പൊലീസ് സ്റ്റേഷൻ പരിധിയിലാണ് പെൺകുട്ടിയുടെ വീട്. വീട്ടിൽ നിന്നും വ്യാഴാഴ്ച രാവിലെ പെൺകുട്ടിയെ കാണാതായതായി രക്ഷിതാക്കൾ പൊലീസിൽ പരാതി നൽകി. വ്യാഴാഴ്ച രാവിലെയാണ് കുറത്തികാട് പൊലീസ് സ്റ്റേഷനിൽ പരാതി ലഭിക്കുന്നത്. ഈ സന്ദേശം കുറത്തിക്കാട് പൊലീസ് ആലപ്പുഴ ടൂറിസം പൊലീസിനു കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിൽ വ്യാഴാഴ്ച വൈകീട്ടോടെയാണ് പെൺകുട്ടിയേയും യുവാവിനെയും ആലപ്പുഴ ബീച്ചിൽ നിന്നും കണ്ടെത്തിയത്.

പെൺകുട്ടി ധരിച്ചിരിക്കുന്ന വസ്ത്രവും മറ്റടയാളങ്ങളും പരാതിയിൽ സൂചിപ്പിച്ചിരുന്നു. സന്ദേശം ലഭിച്ച ടൂറിസം എസ്‌ഐ. ജയറാം, സി.പി.ഒ.മാരായ രഞ്ജിത, മാത്യു എന്നിവരുടെ നേതൃത്വത്തിൽ ആലപ്പുഴ ബീച്ചിൽ പരിശോധിച്ചപ്പോഴാണ് സംശയകരമായി ഇരുവരെയും കണ്ടത്. ചോദ്യംചെയ്തപ്പോൾ പെൺകുട്ടി പേരു വെളിപ്പെടുത്തി. പെൺകുട്ടിയെ വനിതാ പൊലീസ് സ്റ്റേഷനിലും യുവാവിനെ ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനിലും ടൂറിസം പൊലീസ് ഏൽപ്പിച്ചു. കുറത്തികാട് പൊലീസ് മേൽനടപടികൾ സ്വീകരിക്കും.