തൊടുപുഴ: പതിമൂന്നുകാരനെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിനു വിധേയനാക്കിയ കേസിൽ പ്രതിക്ക് 12 വർഷം കഠിനതടവും 55,000 രൂപ പിഴയും. കൊന്നത്തടി സ്വദേശി സോമനെ(65)യാണ് ശിക്ഷിച്ചത്. ഇടുക്കി ഫാസ്റ്റ് ട്രാക്ക് പ്രത്യേക കോടതി ജഡ്ജി ടി.ജി. വർഗീസിന്റേതാണ് വിധി. പോക്‌സോ നിയമപ്രകാരം 7 വർഷം കഠിനതടവും അരലക്ഷം രൂപ പിഴയും പ്രകൃതിവിരുദ്ധ ലൈംഗികപീഡനത്തിന് 5 വർഷം കഠിനതടവും 5,000 രൂപ പിഴയുമാണു ശിക്ഷ.

ശിക്ഷ ഒരേ കാലയളവിൽ അനുഭവിച്ചാൽ മതിയെന്നതിനാൽ തടവ് ഏഴ് വർഷമായി ചുരുങ്ങും. പിഴയടച്ചില്ലെങ്കിൽ 7 മാസം കൂടി തടവു ശിക്ഷ അനുഭവിക്കണം. ഇതിനു പുറമേ ജില്ലാ ലീഗൽ സർവീസസ് അഥോറിറ്റിയോട് അരലക്ഷം രൂപ നഷ്ടപരിഹാരം കുട്ടിക്ക് ലഭ്യമാക്കാൻ നടപടി സ്വീകരിക്കാനും കോടതി നിർദേശിച്ചു. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷൽ പബ്ലിക് പ്രോസിക്യൂട്ടർ എസ്.എസ്. സനീഷ് ഹാജരായി.